Sports

മലയാളികള്‍ക്ക് അഭിമാനമായി എല്‍ദോസ് പോള്‍; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് ഫൈനലിലേക്ക്

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ഫൈനലില്‍. ട്രിപ്പിള്‍ ജംപില്‍ 16.68 മീറ്റര്‍ ചാടി പിറവം സ്വദേശിയായ എല്‍ദോസ് പോളാണ് ഫൈനലിലെത്തിയത്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തുന്ന ആദ്യ മലയാളിയാണ് എല്‍ദോസ് പോള്‍. ലോക റാങ്കിംഗില്‍ നിലവില്‍ 24-ാം സ്ഥാനത്താണ്. പിറവം സ്വദേശിയായ എല്‍ദോസ് പോള്‍ കോതമംഗലം എം എ കോളജില്‍ നിന്നാണ് ബിരുദം നേടിയത്. ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ നേവിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

അതേസമയം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ജാവ്‌ലിന്‍ ത്രോ ഫൈനലിലെത്തി. യോഗ്യതാ റൗണ്ടിലെ അദ്യ ത്രോയില്‍ തന്നെ നീരജ് ഫൈനല്‍ ഉറപ്പിച്ചിരുന്നു.ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ ദൂരമാണ് നീരജ് ജാവലിന്‍ പായിച്ചത്. 83.50 മീറ്റര്‍ ആയിരുന്നു ഫൈനല്‍ പ്രവേശനത്തിന് വേണ്ടിയിരുന്ന ദൂരം. നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് 88.39 മീറ്റര്‍ എന്നത്.