Sports

ടോക്യോ ഒളിമ്പിക്സ് ഹോക്കി; സെമിയിൽ ഇന്ത്യൻ പുരുഷ ടീം ബെൽജിയത്തെ നേരിടും; ക്വാർട്ടറിൽ വനിതാ ടീമിന് എതിരാളികൾ ഓസീസ്

ടോക്യോ ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിൽ ഇന്ത്യൻ പുരുഷ ടീമിനും ക്വാർട്ടർ ഫൈനലിൽ വനിതാ ടീമിനും കടുപ്പമുള്ള എതിരാളികൾ. സെമിഫൈനലിൽ പുരുഷ ടീം ബെൽജിയത്തെ നേരിടുമ്പോൾ വനിതാ ടീം ഓസ്ട്രേലിയക്കെതിരെയാണ് കളത്തിലിറങ്ങുക. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ബെൽജിയം. വനിതാ ടീമുകളിൽ ഓസ്ട്രേലിയ നാലാമതും ഇന്ത്യ 10ആം സ്ഥാനത്തുമാണ്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 7 മണിക്കാണ് പുരുഷ ടീമിൻ്റെ മത്സരം. നാളെ പുലർച്ചെ 8.30നാണ് വനിതാ ടീം ഇറങ്ങുക. (olympics india belgium hockey)

കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന ടീമാണ് ബെൽജിയം. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ക്വാർട്ടർ ഫൈനൽ കളിച്ച് പരാജയപ്പെട്ടത് ബെൽജിയത്തോടായിരുന്നു. 3-1 എന്ന സ്കോറിന് ഇന്ത്യയെ കീഴടക്കി സെമിയിലെത്തിയ ബെൽജിയം നെതർലൻഡിനെ അതേ സ്കോറിനു പരാജയപ്പെടുത്തി ഫൈനൽ കളിച്ചു. എന്നാൽ, ഫൈനലിൽ അർജൻ്റീനയോട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബെൽജിയം പരാജയപ്പെടുകയായിരുന്നു.

2018 ഹോക്കി ലോകകപ്പിൽ ജേതാക്കളായ ടീമാണ് ബെൽജിയം. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും ബെൽജിയവും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന നിലയിൽ സമനിലയായി. ക്വാർട്ടറിൽ ഇന്ത്യ നെതർലൻഡിനോട് തോറ്റുപുറത്തായി. ഫൈനലിൽ നെതർലൻഡിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന ബെൽജിയം കിരീടം സ്വന്തമാക്കുകയായിരുന്നു.

ടോക്യോ ഒളിമ്പിക്സിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഒന്ന് പോലും പരാജയപ്പെടാതെയാണ് ബെൽജിയത്തിൻ്റെ വരവ്. ഗ്രേറ്റ് ബ്രിട്ടണെതിരെ 2-2 എന്ന നിലയിൽ സമനില വഴങ്ങിയതൊഴിച്ചാൽ ആധികാരിക ജയത്തോടെയാണ് നിലവിലെ ലോക ചാമ്പ്യന്മാർ സെമി ടിക്കറ്റെടുത്തത്.

ഇന്ത്യയാവട്ടെ, ഓസ്ട്രേലിയക്കെതിരെ 7-1ൻ്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയെ അടക്കം കീഴടക്കിയാണ് സെമിയിൽ പ്രവേശിച്ചത്.

വനിതാ ടീം ആവട്ടെ, ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട് പിന്നീട് വിജയവഴിയിൽ തിരികെ എത്തുകയായിരുന്നു. അവസാന രണ്ട് മത്സരങ്ങളും വിജയിച്ചാണ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ക്വാർട്ടറിലെത്തുന്നത്. 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ അവസാന നാലിൽ എത്തിയെങ്കിലും അന്ന് 6 ടീമുകൾ മാത്രമേ മത്സരിച്ചിരുന്നുള്ളൂ.

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ എല്ലാം വിജയിച്ചാണ് ഓസ്ട്രേലിയ എത്തുന്നത്. 13 ഗോളുകൾ അടിച്ച അവർ വഴങ്ങിയത് വെറും ഒരു ഗോളാണ്. അതേസമയം, 14 ഗോളുകൾ വഴങ്ങിയ ഇന്ത്യ അടിച്ചത് വെറും 7 ഗോളുകൾ.