ലാലീഗയില്‍ കുതിക്കുകയായിരുന്ന ബാഴ്‌സലോണയെ സമനിലയില്‍ പിടിച്ചുകെട്ടി അത്‌ലറ്റികോ ബില്‍ബാവോ. ലീഗില്‍ പതിമൂന്നാം സ്ഥാനത്തുള്ള ബില്‍ബാവോ ഗോള്‍രഹിത സമനിലയിലാണ് ബാഴ്‌സയെ തളച്ചത്. സമനിലയായെങ്കിലും ബാഴ്‌സ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള റിയല്‍മാഡ്രിഡിനെക്കാളും ആറ് പോയിന്റ് അധികം ബാഴ്‌സക്കുണ്ട്. എന്നാല്‍ മത്സരം ജയിച്ചിരുന്നേല്‍ ബാഴ്സക്ക് പോയിന്റ് വ്യത്യാസം വര്‍ധിപ്പിക്കാമായിരുന്നു.
ബാഴ്‌സക്ക് 51ഉം റയലിന് 45 പോയിന്റുമാണ്. മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 44 പോയിന്റുണ്ട്. മെസി, കുട്ടിഞ്ഞോ, സുവാരസ് തുടങ്ങി വമ്പന്‍ നിര ഇറങ്ങിയിട്ടും ദുര്‍ബലരായ ബില്‍ബാവക്കെതിരെ ഗോള്‍ അടിക്കാന്‍ കഴിയാത്തതിലുള്ള നിരാശ പ്രകടമായിരുന്നു. അതേസമയം നിരവധി അവസരങ്ങളാണ് ബില്‍ബാവോ സൃഷ്ടിച്ചത്. ബാഴ്‌സ ഗോള്‍കീപ്പറുടെ അധ്വാനമില്ലായിരുന്നുവെങ്കില്‍ സീസണിലെ മൂന്നാം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നേനെ.