Sports

ടി-20 ലോകകപ്പ്: നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. 56 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസ് നേടി. 20 റൺസെടുത്ത ടിം പ്രിംഗിൾ ആണ് നെതർലൻഡ്സിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി നാല് ബൗളർമാർ 2 വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നാം ഓവറിൽ ഭുവനേശ്വർ കുമാർ വിക്രംജിത് സിംഗിൻ്റെ (1) കുറ്റി തെറിപ്പിക്കുമ്പോൾ സ്കോർബോർഡിൽ വെറും 11 റൺസ്. തുടർന്ന് കൃത്യമായ ഇടവേളകളിൽ നെതർലൻഡ്സിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. അപകടകാരിയായ മാക്സ് ഒഡോവ്ഡിനെ (16) ക്ലീൻ ബൗൾഡാക്കിയ അക്സർ പട്ടേൽ ബാസ് ഡെ ലീഡിനെ (16) ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. ആദ്യ പവർ പ്ലേയിൽ 2 വിക്കറ്റിന് 27 റൺസ് മാത്രമേ നെതർലൻഡ്സിന് നേടാനായുള്ളൂ.

കോളിൻ അക്കർമാൻ (17), ടോം കൂപ്പർ (9) എന്നിവരെ അശ്വിൻ ഒരു ഓവറിൽ വീഴ്ത്തി. അക്കർമാനെ അക്സറും കൂപ്പറിനെ ഹൂഡയും പിടികൂടുകയായിരുന്നു. ഒരു ബൗണ്ടറിയും സിക്സറുമായി സ്കോർബോർഡ് ചലിപ്പിക്കാൻ ശ്രമിച്ച ടിം പ്രിംഗിളിനെ (20) ഷമിയുടെ പന്തിൽ കോലി പിടികൂടി. സ്കോട്ട് എഡ്വാർഡ്സ് (5) ഭുവിയുടെ പന്തിൽ ഹൂഡ പിടിച്ച് പുറത്തായി. ലോഗൻ വാൻ ബീക്കിനെ (3) കാർത്തികിൻ്റെ കൈകളിലെത്തിച്ച അർഷ്ദീപ് സിംഗ് ഫ്രെഡ് ക്ലാസനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കി. ഷാരിസ് അഹ്‌മദ് (16), പോൾ വാൻ മീക്കരൻ (14) എന്നിവർ നോട്ടൗട്ടാണ്.

മത്സരത്തിൽ നെതർലൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 നഷ്ടപ്പെടുത്തി 179 റൺസ് നേടി. 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (53), സൂര്യകുമാർ യാദവ് (51 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി.