Sports

സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചു

സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. 72 സ്വർണവും 98 വെള്ളിയും 96 വെങ്കലവുമാണ് ഇന്ത്യയുടെ മെഡൽനേട്ടം.

സ്പെഷൽ ഒളിമ്പിക്സിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 90 സ്വർണവുമായി കാനഡയാണ് നിലവിൽ മുന്നിൽ. 36 വെള്ളിയും 28 വെങ്കലവും ഉൾപ്പെടെ 155 ആണ് കാനഡ ആകെ നേടിയത്. റഷ്യ 88 സ്വർണവും 51 വെള്ളിയും 33 വെങ്കലവുമടക്കം 172 മെഡൽ നേടിയിട്ടുണ്ട്. അതേസമയം, ഇന്ത്യക്ക് ആകെ 266 മെഡലുണ്ട്.

ആതിഥേയരായ യു.എ.ഇ 61 സ്വർണവും 55 വെള്ളിയും 63 വെങ്കലവുമടക്കം മൊത്തം 179 മെഡൽ കരസ്ഥമാക്കി. യു.എസ്.എ , ബ്രിട്ടൻ, ചൈന തുടങ്ങിയവയാണ് മുൻ നിരയിലുള്ള മറ്റു രാജ്യങ്ങൾ. ബുധനാഴ്ച നടന്ന മത്സരത്തിൽ ഹാൻഡ്ബാളിൽ ഇന്ത്യൻ പുരുഷ ടീം സ്വർണവും വനിത ടീം വെങ്കലവും കരസ്ഥമാക്കി. 4×100 മീറ്റർ റിലേയിൽ വെള്ളി, ബാഡ്മിൻറൺ ഡബ്ൾസിൽ സ്വർണം, സൈക്ലിങ്ങിൽ വെങ്കലം, വോളിബാളിൽ രണ്ട് വെള്ളി, വെങ്കലം തുടങ്ങിയ മെഡലുകളും നേടി.

സ്പെഷൽ ഒളിമ്പിക്സിൽനിന്ന് കേരളത്തിന്
ഒന്നര ഡസൻ മെഡലുകൾ നേടാനായതും വലിയ വിജയമാണ്. സ്പെഷ്യൽ ഒളിമ്പിക്സി ന്റെ സമാപനം വ്യാഴാഴ്ച നടക്കും.