Sports

ശ്രേയാസ് അയ്യർ ഇതുവരെ മാച്ച് ഫിറ്റായിട്ടില്ല; ഏഷ്യാ കപ്പിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്


ശ്രേയാസ് അയ്യർ ഏഷ്യാ കപ്പിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പരുക്കേറ്റ് പുറത്തിരിക്കുന്ന ശ്രേയാസ് ഏഷ്യാ കപ്പിലൂടെ തിരികെയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, താരം ഇതുവരെ മാച്ച് ഫിറ്റായിട്ടില്ലെന്നും ഏഷ്യാ കപ്പിൽ കളിക്കാൻ സാധ്യതയില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ഓഗസ്റ്റ് – സെപ്തംബർ മാസങ്ങളിലായാണ് ഏഷ്യാ കപ്പ്.

ഇക്കഴിഞ്ഞ ഏപ്രിലിൽ ശ്രേയാസ് ലണ്ടനിൽ വച്ച് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഈ മാസം ജൂലായ് – ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ താരം ഉൾപ്പെട്ടിട്ടില്ല.

ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്പരയിൽ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമിൽ ഇടംപിടിക്കുന്നത്. ഈ മത്സരത്തിൽ 38 പന്തിൽ 36 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ വർഷം ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. ഇഷാൻ കിഷാനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരം കൂടിയാണിത്.

റിപ്പോർട്ടുകൾക്ക് വിരുദ്ധമായി രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകിയിട്ടില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഡെപ്യൂട്ടി ആയി ടീമിനെ നയിക്കും. പരുക്കിൽ നിന്നും കരകയറുന്ന കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഒഴിവാക്കി. റിതുരാജ് ഗെയ്ക്വാദിനെ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉമ്രാൻ മാലിക് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ പേസർ മുകേഷ് കുമാറും ടീമിൽ ഇടം നേടി. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ജൂലൈ 12 മുതലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമ്മയാകും ടീം ഇന്ത്യയുടെ നായകൻ. രോഹിത്തിനൊപ്പം അജിങ്ക്യ രഹാനെയ്ക്കും സുപ്രധാനമായ ഉത്തരവാദിത്തം ലഭിച്ചു. രഹാനെയെ വൈസ് ക്യാപ്റ്റൻ ആക്കി.