ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ പരുക്ക് മാറി പരിശീലനം പുനരാരംഭിച്ചു. ക്രൊയേഷ്യൻ ക്ലബായ സിബെനിക്കിൻ്റെ താരമായ സന്ദേശ് ഇതുവരെ ടീമിനായി അരങ്ങേറിയിട്ടില്ല. പരുക്ക് മാറി തിരികെ എത്തിയതിനാൽ ഏറെ വൈകാതെ തന്നെ താരം ക്ലബിനു വേണ്ടി കളത്തിലിറങ്ങുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ എടികെ മോഹൻബഗാനിൽ നിന്ന് സിബെനിക്കിലെത്തിയ താരം രണ്ട് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. (sandesh jhingan training croatia)
അതേസമയം, സാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങി. ബംഗ്ലാദേശിനോടാണ് ഇന്ത്യ സമനില വഴങ്ങിയത്. ഒരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇന്ത്യക്കായി സൂപ്പർ താരം സുനിൽ ഛേത്രി സ്കോർ ഷീറ്റിൽ ഇടം നേടിയപ്പോൾ യാസിർ അറഫാത്താണ് ബംഗ്ലാദേശിൻ്റെ സമനില ഗോൾ നേടിയത്. 54ആം മിനിട്ടിൽ ബംഗ്ലാദേശ് 10 പേരുമായി ചുരുങ്ങിയിട്ടും ഇന്ത്യക്ക് അത് മുതലെടുക്കാനായില്ല.
ലിസ്റ്റൻ കൊളാസോയിലൂടെയാണ് ഇന്ത്യ ആക്രമണങ്ങൾ മെനഞ്ഞത്. എടികെ മോഹൻബഗാൻ്റെ യുവതാരം ആദ്യ മിനിട്ടുകളിൽ ചില മികച്ച നീക്കങ്ങൾ നടത്തി. 26ആം മിനിട്ടിൽ ഇന്ത്യ മുന്നിലെത്തി. ഉദാന്ത സിംഗിൻ്റെ അസിസ്റ്റിൽ നിന്ന് സുനിൽ ഛേത്രി ബംഗ്ലാദേശ് ഗോൾ വല കുലുക്കുകയായിരുന്നു. ഗോൾ വീണതിനു പിന്നാലെ ബംഗ്ലാദേശ് സമനില ഗോളിനായി ശ്രമം തുടങ്ങി. ഫിനിഷിംഗിലെ പാളിച്ചകളും ഗുർപ്രീതിൻ്റെ ചോരാത്ത കൈകളുമാണ് ആദ്യ പകുതിയിൽ അവരെ തടഞ്ഞുനിർത്തിയത്.
54ആം മിനിട്ടിൽ ലിസ്റ്റണെ വീഴ്ത്തിയ ബിശ്വനാഥ് ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇന്ത്യ അവസരങ്ങളുണ്ടാക്കിയപ്പോൾ കൗണ്ടർ അറ്റാക്കുകളിലാണ് ബംഗ്ലാദേശ് ശ്രദ്ധ ചെലുത്തിയത്. 74ആം മിനിട്ടിൽ ബംഗ്ലാദേശ് സമനില ഗോൾ കണ്ടെത്തി. ജമാൽ ഭുയാൻ്റെ കോർണറിൽ തലവച്ച യുവതാരം യാസിർ അറഫാത്ത് ബംഗ്ലാദേശിനെ ഒപ്പമെത്തിക്കുകയായിരുന്നു.