യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബയേണ്‍ മ്യൂണിച്ചിലെത്തുമെന്ന ഊഹാപോഹങ്ങളെ ഒറ്റയടിക്ക് തള്ളി ബയേണ്‍്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പ്രായം കൂടുതലാണെന്നും അത്തരം കളിക്കാരെ ടീമിലെടുക്കാന്‍ പദ്ധതിയില്ലെന്നുമാണ് ബയേണ്‍ മ്യൂണിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ബയേണ്‍ മ്യൂണിച്ച് പ്രസിഡന്റ് ഹെര്‍ബെര്‍ട്ട് ഹെയ്നറാണ് ക്രിസ്റ്റ്യാനോ ബയേണിലെത്താനുള്ള സാധ്യതകള്‍ പോലും ഇല്ലാതാക്കിയിരിക്കുന്നത്.
അഞ്ച് തവണ ബാലണ്‍ ദിയോര്‍ നേടിയിട്ടുള്ള സമീപകാല ഫുട്ബോളിലെ മഹാരഥന്മാരിലൊരാളായിട്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷേ 35കാരനായ റൊണാള്‍ഡോയുടെ സുവര്‍ണ്ണ കാലം കഴിഞ്ഞെന്ന് ചിലരെങ്കിലും കരുതുന്നു. കുറഞ്ഞ പക്ഷം ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ച് അധികൃതരെങ്കിലും.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് കാമുകി നല്കിയ പിറന്നാള്‍ സമ്മാനത്തെ ചുറ്റിപറ്റിയാണ് റൊണാള്‍ഡോയുടെ ബയേണ്‍ സാധ്യതകള്‍ ഉയര്‍ന്നു വന്നത്. ബവേറിയന്‍ മേഖലയിലെ Pfaffenhofen എന്ന പ്രദേശത്താണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ബുണ്ടസ് ലീഗിലെ വമ്പന്മാരായ ബയേണ്‍ മ്യൂണിച്ചിന്റെ ആസ്ഥാനമായ ഈ പ്രദേശത്തു നിന്നുവന്ന ജന്മദിന സമ്മാനമാണ് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ക്ക് പ്രചോദനമായത്. ബയേണ്‍ സമീപിക്കുന്ന പല കളിക്കാരെക്കുറിച്ചും വാര്‍ത്തകള്‍ വരുന്നുണ്ടെന്നും എന്നാല്‍ റൊണാള്‍ഡോ ഞങ്ങളെ സംബന്ധിച്ച് അല്പം പ്രായംകൂടിയ ആളാണെന്നുമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബയേണിലേക്കെന്ന സാധ്യതകളെ വേരോടെ പിഴുതുകൊണ്ട് ക്ലബ് പ്രസിഡന്റ് പറഞ്ഞത്.
അതേസമയം ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനെ വീണ്ടും ചാമ്പ്യന്മാരാക്കാനുള്ള തിരക്കിലാണ് ക്രിസ്റ്റ്യാനോയും സംഘവും. 19 കളികളില്‍ നിന്നും 19 ഗോളുകള്‍ ക്രിസ്റ്റിയാനോ അടിച്ചുകൂട്ടിയിട്ടുണ്ട്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് അടക്കം നിരവധി റെക്കോഡുകള്‍ ക്രിസ്റ്റിയാനോയുടെ പേരിലുണ്ട്. അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗ്, ലാലിഗ, സീരി എ കിരീടങ്ങളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. പോര്‍ച്ചുഗലിനെ 2016ല്‍ യൂറോ ചാമ്പ്യന്മാരാക്കുന്നതിലും ക്രിസ്റ്റ്യാനോക്കുള്ള പങ്ക് ചെറുതല്ല.