Sports

‘വേദന കടിച്ചമർത്തി, ക്രീസിലെത്തിയത് രണ്ട് ഇഞ്ചക്ഷനുകളെടുത്ത്’; പരുക്കേറ്റിട്ടും പൊരുതിയ രോഹിതിനെ പുകഴ്ത്തി ആരാധകർ

കൈവിരലിൽ പരുക്കേറ്റിട്ടും ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ പൊരുതിയ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുകഴ്ത്തി ക്രിക്കറ്റ് ആരാധകർ. മത്സരത്തിൽ ബംഗ്ലാദേശ് അഞ്ച് റൺസിന് വിജയിച്ചുവെങ്കിലും അവസാന ഘട്ടത്തിൽ ഇറങ്ങിയ രോഹിത് അർധസെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു. 28 പന്തിൽ 51 റൺസാണ് ഒമ്പതാമതായി ഇറങ്ങിയ രോഹിത് നേടിയത്. പക്ഷേ ആറു റൺസ് വേണ്ടിയിരുന്ന അവസാന പന്ത് ഡോട്ട് ബോളായി ബംഗ്ലാദേശ് പരമ്പരയും നേടി.

പരുക്കിനെ വകവയ്ക്കാതെ ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ച നായകൻ രോഹിത് ശർമയെ പുകഴ്ത്തി പരിശീലകൻ രാഹുൽ ദ്രാവിഡ് രംഗത്തെത്തി. പരുക്കേറ്റ രോഹിത്തിനെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വന്നിരുന്നു. അദ്ദേഹത്തിൻറെ കൈയിൽ ഗുരുതരമായ ഡിസ്‍ലൊക്കേഷനുണ്ടായിരുന്നുവെന്ന് ദ്രാവിഡ് പറഞ്ഞു.

രണ്ട് ഇഞ്ചക്ഷനുകൾ എടുത്ത ശേഷം ക്രീസിലേക്ക് മടങ്ങിയെത്തിയാണ് രോഹിത് വേദന സഹിച്ച് ബാറ്റ് ചെയ്തത്. വിക്കറ്റുകൾ നഷ്ടമായ അവസ്ഥയിൽ അദ്ദേഹം വളരെ ദൃഢനിശ്ചയത്തിലായിരുന്നു. വിജയത്തിലേക്ക് അത്രയും അടുപ്പിച്ചത് അതിശയകരമാണെന്നും ദ്രാവിഡ് പറഞ്ഞു.

പക്ഷേ, ഈ പരാജയത്തിലും രോഹിത് പ്രകടിപ്പിച്ച വീര്യമാണ് സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തപ്പെടുന്നത്. ‘എന്തൊരു ചാമ്പ്യൻ താരം, പോരാളി, വ്യക്തിതമാണ് രോഹിത് ശർമ’ ഒരാൾ ട്വിറ്ററിൽ കുറിച്ചു.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വേറിട്ട രീതിയിലാണ് താരത്തെ അനുമോദിച്ചത്. ക്യാപ്റ്റൻസ് നോക്ക് എന്ന് ഗൂഗ്‌ളിൽ തിരഞ്ഞപ്പോൾ രോഹിത് ശർമ വേഴ്‌സസ് ബംഗ്ലാദേശ് എന്ന് ഉത്തരം കിട്ടുന്ന സേർച്ച് പങ്കുവെച്ചായിരുന്നു അവരുടെ അനുമോദനം.എന്നും ഓപ്പണറായിരുന്ന താരം രാജ്യം ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട സാഹചര്യത്തിൽ പോരാളിയായെന്ന് രാജസ്ഥാൻ റോയൽസ് കുറിച്ചു.

ബിസിസിഐയും ഇന്ത്യൻ നായകനെ പുകഴ്ത്തി.രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോൾ രണ്ടാം ഓവറിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് നായകന് ഇടതു കൈയുടെ തള്ളവിരലിൽ പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിലേക്ക് പോയ രോഹിതിനെ എക്‌സ്‌റേ പരിശോധനക്ക് വിധേയനാക്കിയിരുന്നു. പിന്നീട് ഇന്ത്യൻ ബാറ്റിംഗ് 43ാം ഓവറിൽ 207/7 എന്ന നിലയിൽ ആയിരിക്കെ താരമിറങ്ങുകയായിരുന്നു. ഒടുവിൽ 272 റൺസ് ലക്ഷ്യം തേടിയുള്ള പോരാട്ടം 266 റൺസ് വരെയെത്തിക്കുകയായിരുന്നു ഹിറ്റ്മാൻ. വാലറ്റത്ത് ഇറങ്ങിയ രോഹിത് 28 പന്തിൽ 51 റൺസാണ് നേടിയത്.