ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരായിരിക്കും? രാഹുൽ ദ്രാവിഡ് തുടരുമോ? അതോ ബിസിസിഐക്ക് വിവിഎസ് ലക്ഷ്മണനെ തന്നെ ആശ്രയിക്കേണ്ടി വരുമോ? ഇവയ്‌ക്കൊന്നും ഇപ്പോൾ കൃത്യമായ ഉത്തരമില്ല എന്നതാണ് വാസ്തവം. എന്നാൽ ടി20 ലോകകപ്പ് അടുത്തിരിക്കെ ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള കടുത്ത പരിശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്.
2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിനെ അലട്ടുന്ന ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയത്. ഹെഡ് കോച്ച് ദ്രാവിഡിനും അദ്ദേഹത്തിന്റെ മുഴുവൻ സപ്പോർട്ട് സ്റ്റാഫിനും – ബാറ്റിംഗ് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവർക്ക് ലോകകപ്പ് വരെ കരാറുണ്ടായിരുന്നുള്ളു. പുരുഷ ടീമിന് നിലവിൽ മുഴുവൻ സമയ കോച്ചിംഗ് സ്റ്റാഫ് ഇല്ല എന്നാണ് ഇതിനർത്ഥം.
ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള എൻസിഎ സ്റ്റാഫാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് ചുക്കാൻ പിടിക്കുന്നത്. ESPNCricinfo, The Indian Express എന്നിവയിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐ ദ്രാവിഡുമായുള്ള കരാർ കാലാവധി നീട്ടിനൽകിയിട്ടുണ്ട്. രണ്ട് വർഷത്തെ കരാർ ദ്രാവിഡിന് നൽകാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഓഫർ ദ്രാവിഡ് സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ സപ്പോർട്ട് സ്റ്റാഫിനെയും നിലനിർത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിലെത്തിക്കാൻ ദ്രാവിഡിന് കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ബിസിസിഐ അദ്ദേഹത്തെ വിശ്വസിക്കുന്നതും അടുത്ത ടി20 ലോകകപ്പിൽ ദ്രാവിഡ് തന്നെ ടീമിനെ പരിശീലിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതും. എന്നാൽ ദ്രാവിഡ് ഇതുവരെ വ്യക്തത വരുത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കൂടാതെ ദ്രാവിഡ് ചില ഐപിഎൽ ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്.
ബിസിസിഐയുടെ ഓഫർ നെഹ്‌റ നിരസിച്ചു: മുൻ പേസർ ആശിഷ് നെഹ്‌റയോട് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഓഫർ നെഹ്‌റ നിരസിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഇതേത്തുടർന്നാണ് ടി20 ലോകകപ്പ് വരെയെങ്കിലും രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായി തുടരണമെന്ന തീരുമാനത്തിലേക്ക് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാർക്കറും എത്തിയത്. ഐപിഎൽ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസിന്റെ നിലവിലെ മുഖ്യ പരിശീലകനാണ് നെഹ്‌റ.