Sports

വരുമാനത്തില്‍ റൊണാള്‍ഡോയേയും മെസിയേയും ഫെഡറര്‍ മറികടന്നതിന് പിന്നില്‍

ഫെഡററുടെ സമ്മാനത്തുകയുടെ പത്തിരട്ടിയോളം ശമ്പളം റൊണാള്‍ഡോയും പന്ത്രണ്ടിരട്ടിയോളം മെസിയും നേടിയിട്ടുണ്ട്. എന്നിട്ടും വരുമാനത്തില്‍ ഫെഡ് എക്‌സ്പ്രസ് ഒന്നാമതായി…

പോയവര്‍ഷം ഏറ്റവും കൂടുതല്‍ സമ്പാദിച്ച കായികതാരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോയേയും മെസിയേയും മറികടന്നാണ് ഫെഡറര്‍ ഒന്നാമതെത്തിയത്. 1990ല്‍ ഫോബ്‌സ് ലോകത്തെ ധനാഢ്യരായ 100 കായിക താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് തുടങ്ങിയതില്‍ പിന്നെ ആദ്യമായാണ് ഒരു ടെന്നീസ് താരം ഒന്നാമെത്തുന്നത്.

ലോക നാലാം നമ്പറായ ഫെഡറര്‍ 2019ല്‍ ഫോബ്‌സ് പട്ടികയില്‍ അഞ്ചാമതായിരുന്നു. 106.3 ദശലക്ഷം ഡോളറാണ് ഫെഡററുടെ പോയ 12 മാസത്തെ സമ്പാദ്യം. ഫെഡറര്‍ക്ക് പിന്നാലെയുള്ള ടെന്നീസ് താരം 29ആം സ്ഥാനത്തുള്ള നവോമി ഒസാക്കയാണ്. നവോമി തന്നെയാണ് ഏറ്റവും വരുമാനം നേടിയ വനിതാ കായികതാരവും.

യുവന്റസ് താരം റൊണാള്‍ഡോ(105 മില്യണ്‍ ഡോളര്‍) രണ്ടാമതും മെസി(104 മില്യണ്‍ ഡോളര്‍) മൂന്നാമതുമെത്തി. പോയവര്‍ഷം മെസിയായിരുന്നു ഏറ്റവും കൂടുതല്‍ വരുമാനം നേടിയ കായികതാരം. നെയ്മര്‍ നാലാം സ്ഥാനത്തും ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് എട്ടാമതുമെത്തി.

ഫോബ്‌സിന്റെ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ക്രിക്കറ്റ് താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്. 50 ദശലക്ഷം ഡോളറാണ് കഴിഞ്ഞ വര്‍ഷം കോഹ്ലി നേടിയത്. നൂറുപേരുടെ പട്ടികയില്‍ 66ാം സ്ഥാനത്താണ് കോഹ്‌ലി.

ഫെഡററുടെ പോയവര്‍ഷത്തെ സമ്പാദ്യത്തില്‍ 6.3 ദശലക്ഷം ഡോളര്‍ മാത്രമാണ് അദ്ദേഹം കളിച്ച് നേടിയതെന്നതാണ് മറ്റൊരു വസ്തുത. 100 ദശലക്ഷം ഡോളറും 38കാരനായ ഫെഡറര്‍ക്ക് വിവിധ കമ്പനികളുമായുള്ള കരാറുകളില്‍ നിന്നാണ് ലഭിച്ചത്. പരസ്യ വരുമാനമാണ് ഫെഡററെ മെസിയേയും റൊണാള്‍ഡോയേയും മറികടക്കാന്‍ സഹായിച്ചതെന്ന് ചുരുക്കം.

റൊണാള്‍ഡോക്ക് പരസ്യത്തില്‍ നിന്നും 45 ദശലക്ഷം ഡോളറും മെസിക്ക് 32 ദശലക്ഷം ഡോളറും മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇതോടെ 100 ദശലക്ഷം ഡോളറിലേറെ വരുമാനം ഒരു വര്‍ഷം കൊണ്ട് നേടുന്ന രണ്ടാമത്തെ അത്‌ലറ്റായും ഫെഡറര്‍ മാറി. നേരത്തെ ടൈഗര്‍ വുഡ്‌സ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.