Football Sports

ബെറ്റിസിനോട് തോറ്റ റയലിന് ഒന്നാം സ്ഥാനം നഷ്ടമായി

സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗില്‍ 12ആം സ്ഥാനത്തുള്ള റയല്‍ ബെറ്റിസാണ് മാഡ്രിഡിനെ 2-1ന് തോല്‍പ്പിച്ചത്. ബെറ്റിസിനായി സിഡ്‌നേയി, ക്രിസ്റ്റ്യന്‍ ടെല്ലോ എന്നിവരാണ് സ്‌കോര്‍ ചെയ്തു. റയലിന്റെ ആശ്വാസ ഗോള്‍ കരീം ബെന്‍സെമയുടെ വകയായിരുന്നു.

എല്‍ ക്ലാസികോയില്‍ ബാഴ്‌സലോണയെ 2-0ത്തിന് തോല്‍പിച്ച് ലാലിഗയില്‍ ഒന്നാമതെത്തിയ റയല്‍ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടമാക്കിയത്. റയല്‍ ബെറ്റിസിനോട് തോല്‍വി വഴങ്ങിയതോടെ 27 കളികളില്‍ നിന്നും 56 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. രണ്ട് പോയിന്റ് ലീഡില്‍ ബാഴ്‌സയാണ് ഒന്നാമത്.

സീസണിലെ ഏറ്റവും മോശം മത്സരമെന്നാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ റയല്‍ ബെറ്റിസുമായുള്ള മത്സരശേഷം പറഞ്ഞത്. റയല്‍ ബെറ്റിസിന്റെ മൈതാനത്ത് നടന്ന കളിയില്‍ ആതിഥേയര്‍ തന്നെയാണ് സിഡേനിയിലൂടെ മുന്നിലെത്തിയത്. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് പെനല്‍റ്റി ഗോളാക്കി മാറ്റി ബന്‍സെമ റയലിനെ ഒപ്പമെത്തിച്ചു.

മുന്‍ ബാഴ്‌സലോണ താരം ക്രിസ്റ്റിയന്‍ ടെല്ലോയാണ് കളിയിലെ നിര്‍ണ്ണായക ഗോള്‍ നേടിയത്. 82ആം മിനുറ്റില്‍ റാമോസും ബെന്‍സെമയും തമ്മിലുള്ള ആശയക്കുഴപ്പത്തിനൊടുവില്‍ പന്ത് ബെറ്റിസ് താരം ഗ്വാര്‍ഡാഡോയുടെ കാലിലെത്തി. അവസരം മനസിലാക്കി അതിവേഗത്തില്‍ ടെല്ലോക്ക് പന്ത് മറിച്ചു നല്‍കി. അതിവേഗ മുന്നേറ്റത്തിനൊടുവില്‍ ഗോള്‍ നേടിയതോടെ ടെല്ലോയുടെ മുന്‍ ടീമായ ബാഴ്‌സലോണയുടെ ഒന്നാം സ്ഥാനത്തിന് തല്‍ക്കാലം വെല്ലുവിളികള്‍ ഇല്ലാതായി.