സ്പാനിഷ് ലീഗിലെ വാശിയേറിയ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. ഗോളൊന്നും അടിക്കാതെ റയല്‍ മാഡ്രിഡും അത്‍ലറ്റികോ മാഡ്രിഡും പോയിന്റ് പങ്കിട്ടു. ഇതോടെ റയല്‍ പോയിന്റ് പട്ടികയില്‍ ഗ്രാനഡയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി.
വാൻഡ മെട്രോപൊളിറ്റനോ സ്റ്റേഡിയത്തിൽ കരുത്തന്‍മാരുടെ കൊമ്പുകോര്‍ക്കല്‍ ആവേശത്തിന്റെ കൊടുമുടി താണ്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫുട്ബോൾ ആരാധകർക്ക് ഗോള്‍ പിറക്കാത്തതിന്റെ നിരാശ മാത്രം ബാക്കിയായി. ഇത് ഏഴാം തവണയാണ് മാഡ്രിഡ് ഡെര്‍ബിയില്‍ ജയം കാണാതെ അത്‍ലറ്റിക്കോ മാഡ്രിഡ് കളം വിടുന്നത്.
ചെല്‍സിയില്‍ നിന്ന് റയലില്‍ എത്തിയ ഈഡന്‍ ഹസാര്‍ഡ് നിഴല്‍ മാത്രമായി ഒതുങ്ങിയതോടെ സിദാന്റെ ആ പ്രതീക്ഷകളും അസ്ഥാനത്തായി. 75 ാം മിനിറ്റില്‍ ഗോളെന്ന് ഒരു നിമിഷം ആരാധകര്‍ ഉറപ്പിച്ച ബെന്‍സേമയുടെ ബുള്ളറ്റ് ഹെഡ്ഡര്‍, അത്‍ലറ്റിക്കോ ഗോള്‍കീപ്പര്‍ പറന്ന് തട്ടിയകറ്റിയത് റയലിന്റെ നിര്‍ഭാഗ്യത്തിന് അടിവരയിടുന്നതായിരുന്നു.
സമനിലയില്‍ നിന്ന് ലഭിച്ച പോയിന്റ് റയലിനെ തുണച്ചതോടെ പോയിന്റ് പട്ടികയില്‍ സിദാന്റെ കുട്ടികള്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്രാനഡ രണ്ടാം സ്ഥാനത്തും അത്‍ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. റയല്‍ മാഡ്രിഡ് വിജയം അര്‍ഹിച്ചിരുന്നുവെന്നാണ് മത്സര ശേഷം പരിശീലകന്‍ സിനദിന്‍ സിദാന്‍ പ്രതികരിച്ചത്.