‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ മുന്നേറ്റത്തിന് പിന്തുണയുമായി റയല്‍മാഡ്രിഡ് താരം മാഴ്‌സെലോ. ലാലിഗയില്‍ എയ്ബറിനെതിരായ മത്സരത്തില്‍ മൂന്നാം ഗോള്‍ നേടിയ ശേഷമാണ് ബ്രസീലിയന്‍ താരം മുട്ടുകുത്തിയിരുന്ന് വംശീയ വിദ്വേഷത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോവിഡ് ഇടവേളക്കു ശേഷം കളിക്കാനിറങ്ങിയ റയല്‍മാഡ്രിഡ് 3-1ന് എയ്ബറിനെ തോല്‍പിച്ചു.
നാലാം മിനുറ്റില്‍ തന്നെ ടോണി ക്രൂസിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് സെര്‍ജിയോ റാമോസും മാഴ്‌സെലോയും കൂടി റയലിനായി ഗോളുകള്‍ നേടിയതോടെ സ്‌കോര്‍ 3-0ത്തിലെത്തി. ഹസാര്‍ഡിന്റെ മിന്നും ഫോമും റയല്‍മാഡ്രിഡിന് തുണയായി.
എന്നാല്‍, രണ്ടാം പകുതിയില്‍ ആതിഥേയരായ റയല്‍ മാഡ്രിഡ് അല്‍പം മങ്ങിപ്പോയി. അറുപതാം മിനുറ്റില്‍ എയ്ബര്‍ താരം പെഡ്രോ ബിഗാസിന്‍റെ പുറത്ത് തട്ടി പന്ത് റയലിന്‍റെ ഗോള്‍ വലയിലെത്തി. രണ്ടാംപകുതിയില്‍ ക്രോസ്ബാറും ഗോളിയുടെ പ്രകടനവുമാണ് റയലിനെ കൂടുതല്‍ അപകടത്തില്‍ നിന്നും രക്ഷിച്ചത്. 3-1ന്റെ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറക്കാന്‍ വീണ്ടും റയലിനായി.
റയല്‍ മാഡ്രിഡ് പരിശീലകനായുള്ള സിനദിന്‍ സിദാന്റെ ഇരുന്നൂറാം മത്സരമാണ് കഴിഞ്ഞത്. 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ റയല്‍ മാഡ്രിഡ് പരിശീലകനാണ് സിദാന്‍. സിദാനു കീഴില്‍ റയല്‍ 132 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 42 എണ്ണം സമനിലയിലാവുകയും 26 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു.