ഫുട്ബോൾ കളിക്കാർക്കെതിരെ വംശീയാധിക്ഷേപം നടത്തിയാൽ 10 വർഷം വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൺ. സമൂഹമാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപം നടത്തുന്നവരെ 10 വർഷം സ്റ്റേഡിയങ്ങളിൽ നിന്ന് വിലക്കുമെന്ന് ബ്രിട്ടൺ ഹോം സെക്രട്ടറി പ്രിതി പട്ടേൽ അറിയിച്ചു. യൂറോ കപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിലെ കറുത്ത വർഗക്കാർക്കെതിരെ ഇംഗ്ലണ്ട് ആരാധകർ തന്നെ വംശീയാധിക്ഷേപം നടത്തിയിരുന്നു. ആ സമയത്ത് വംശീയാധിക്ഷേപങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു.
“ഓൺലൈൻ ട്രോളുകളിലൂടെ ചിലർ ഈ മനോഹരമായ കളിയെ കളങ്കപ്പെടുന്നതുന്നത് നമ്മൾ കണ്ടു. കീബോർഡുകൾക്ക് പിന്നിൽ മറഞ്ഞിരുന്നാണ് അവർ ഫുട്ബോൾ താരങ്ങളെ അധിക്ഷേപിച്ചത്. ഓൺലൈനിലൂടെ ഇങ്ങനെ പെരുമാറുന്നവർ ശിക്ഷിക്കപ്പെടണം.”- പ്രിതി പട്ടേൽ പറഞ്ഞു.
യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ഇംഗ്ലണ്ട് ആരാധകരുടെ അഴിഞ്ഞാട്ടമാണ് കണ്ടത്. ഇംഗ്ലണ്ടിൻ്റെ പെനൽറ്റി നഷ്ടപ്പെടുത്തിയ ബുക്കായോ സാക്ക, ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ് എന്നിവർക്കെതിരെ ഇംഗ്ലണ്ട് ആരാധകരുടെ രൂക്ഷമായ വംശീയ ആക്രമണമാണ് നടന്നത്. ഇതോടൊപ്പം വെംബ്ലിയിൽ മത്സരം കാണാനെത്തിയ ഇറ്റാലിയൻ ആരാധകരെ മത്സരം കഴിഞ്ഞതിനു ശേഷം അവർ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ആരാധകരുടെ വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെ കനത്ത വിമർശനം ഉയർന്നിരുന്നു.