Sports

‘കേരളം ലോകകപ്പ് ചൂടിൽ’; പുള്ളാവൂരിലെ കട്ട് ഔട്ടുകൾ ഏറ്റെടുത്ത് ഫിഫ

ഖത്തറിൽ നിന്ന് 3,022 കിലോമീറ്റർ അകലെ, ഇങ്ങ് കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇന്ന് ലോക ഫുട്‌ബോൾ പ്രേമികളുടെ ചർച്ചാ വിഷയം. പുള്ളാവൂരിലെ ഭീമൻ കട്ടൗട്ടുകൾ ഫിഫ തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു പുള്ളാവൂർ.

ഫുട്‌ബോൾ മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകത്തെ മുഴുവൻ ലോകകപ്പ് ചൂടിലേക്ക് എത്തിക്കാൻ കോഴിക്കോട്ടെ പുള്ളാവൂർ എന്ന ചെറുഗ്രാമത്തിന് സാധിച്ചു. ഇവിടെ പുഴയുടെ നടുവിൽ തലയുയർത്തി നിൽക്കുന്ന മെസ്സിയും, നെയ്മറും, റൊണാൾഡോയും ഇന്ന് ട്വിറ്ററിലെ രസികൻ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്.

കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിൽ ആദ്യ ഉയർന്നത് മെസിയുടെ കട്ട് ഔട്ടാണ്. പുഴയുടെ നടുവിൽ തല ഉയർത്തി നിൽക്കുന്ന മെസിയെ കണ്ടാൽ ഇതുവഴി പോകുന്നവർ ഒന്ന് നിറുത്തി ഒരു നോക്ക് കണ്ട് ഒരു ചിത്രമെടുത്തെ യാത്ര തുടരുകയുള്ളു. പുള്ളാവൂരിലെ അർജൻറീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിൻറെയും പുഴയിൽ സ്ഥാപിക്കുന്നതിൻറെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.

എന്നാൽ വിട്ടുകൊടുക്കാതെ തയ്യാറാകാതെ ബ്രസീൽ ആരാധകരും വച്ചു തങ്ങളുടെ പ്രിയതാരത്തിന്റെ ഭീമൻ കട്ട്ഔട്ട്. മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിന്റെ 40 അടി കട്ടൗട്ടാണ് അതെ പുഴയിൽ ബ്രസിൽ ആരാധകർ ഉയർത്തിയിരിക്കുന്നത്. തല ഉയർത്തി നിൽക്കുന്ന മെസ്സിയും നെയ്മറുമെല്ലാം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. വൈകിയില്ല…പിന്നാലെ വന്നു റൊണാൾഡോയും. ഇനി ഏതെല്ലാം ആരാധകർ രംഗത്തെത്തും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.