Sports

ഉയർന്ന വേതനം; നെയ്മറെ വിൽക്കാൻ പിഎസ്ജി തയ്യാറെന്ന് റിപ്പോർട്ട്

ബ്രസീൽ സൂപ്പർ താരം നെയ്മറെ വിൽക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ തയ്യാറാണെന്ന് റിപ്പോർട്ട്. നെയ്മറുടെ മാര്‍ക്കറ്റ് പ്രൈസ് കുറച്ചാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ടീം ആരംഭിച്ചതായി സ്പാനിഷ് മാധ്യമമായ ‘ഫിചാഹിസ്’ റിപ്പോർട്ട് ചെയ്യുന്നു.

2025 വരെ കരാറുണ്ടെങ്കിലും ഉയർന്ന വേതനമാണ് നെയ്മറുടെ വില്‍പ്പനയ്‌ക്ക് പിന്നിലെന്നാണ് ക്ലബ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയ്യാറായിരുന്നു. എന്നാൽ 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. ഇത്തവണ വില കുറയ്ക്കാനും ക്ലബ് ഒരുക്കമാണ്.

30 കാരനായി 50 മുതല്‍ 60 മില്യണ്‍ യൂറോയ്‌ക്ക് ഇടയിലുള്ള വിലയാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്. മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ നെയ്മറെ കണ്ണുവച്ചിട്ടുണ്ടെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ നെയ്മറെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നെയ്മറെ വില്‍ക്കാന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നെയ്മറെ ഒഴിവാക്കിയില്ലെങ്കില്‍ ക്ലബ് വിടുമെന്ന് എംബാപ്പെ ഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇരുതാരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായ കാര്യമാണ്. 2017ൽ സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണയില്‍ നിന്നും 222 മില്യൺ യൂറോയുടെ റെക്കോഡ് തുകയ്‌ക്കാണ് നെയ്മറെ പിഎസ്‌ജി കൂടാരത്തിലെത്തിച്ചത്.