യുവതാരം പൃഥ്വി ഷായ്ക്ക് ദേശീയ ടീമിൽ ഇനിയും അവസരം ലഭിക്കുമെന്ന് മുഖ്യ സെലക്ടർ ചേതൻ ശർമ. ന്യൂസീലൻഡ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കായി ഇന്നലെ നാല് വ്യത്യസ്ത ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ടീമിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ചേതൻ ശർമയുടെ പ്രതികരണം.
സെലക്ടർമാർ പൃഥ്വി ഷായുമായി നിരന്തരം സമ്പർക്കത്തിലാണ് എന്ന് ചേതൻ ശർമ പറഞ്ഞു. അദ്ദേഹത്തിന് അർഹിക്കുന്ന അവസരം ഭാവിയിൽ ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ആഭ്യന്തര സീസണുകളിലൊക്കെ പൃഥ്വി ഷാ മികച്ച ഫോമിലായിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 47.50 ശരാശരിയും 191.27 സ്‌ട്രൈക്ക് റേറ്റും സൂക്ഷിച്ച് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും സഹിതം 285 റൺസ് നേടിയിരുന്നു. എന്നിട്ടും ടി-20 ടീമിൽ പോലും പൃഥ്വി ഷായ്ക്ക് ഇടം ലഭിച്ചില്ല.
2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയിലാണ് ഷാ അവസാനമായി കളിച്ചത്. എന്നാൽ റൺസ് കണ്ടെത്താൻ ഷായ്ക്ക് കഴിഞ്ഞില്ല. 2022ലെ അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം അദ്ദേഹം ദേശീയ ടീമിനായി ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ഒരു വർഷത്തിലധികമായി ടീമിന് പുറത്താണ്. ഐപിഎൽ 2022, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്.