യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ നെതർലൻഡിനും പോർച്ചുഗലിനും പരാജയം. നെതർലൻഡിനെ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ ബെൽജിയം പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി. ജയത്തോടെ ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
രണ്ടാം പകുതിയിൽ പ്രതിരോധ താരം ഡി ലിറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതാണ് നെതർലൻഡിൻ്റെ വിധിയെഴുതിയത്. തുടക്കം മുതൽ തന്നെ ഉയരക്കൂടുതൽ കൊണ്ട് നെതർലൻഡ് മുന്നേറ്റങ്ങളെ സമർത്ഥമായി തടഞ്ഞുനിർത്തിയ ചെക്ക് എതിരാളികൾ 10 പേരായി ചുരുങ്ങിയതിൻ്റെ ആനുകൂല്യം മുതലെടുത്ത് ആക്രമണങ്ങൾ മെനയുകയായിരുന്നു. പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും അടിക്കാൻ ആദ്യ പകുതിയിൽ ഹോളണ്ടിനായില്ല. ചെക്ക് മുന്നേറ്റ താരം പാട്രിക്ക് ഷിക്കിൻ്റെ ആക്രമണം തടയുന്നതിനായി പന്ത് കൈകൊണ്ട് തൊട്ടതിന് 54ആം മിനിട്ടിൽ ഡിലിറ്റ് കളം വിട്ടു. ഇതോടെ ഡച്ച് നിര പ്രതിരോധത്തിലായി. അവസരം മുതലെടുത്ത് ചെക്ക് നിരന്തരം ആക്രമണങ്ങൾ മെനഞ്ഞു. 68ആം മിനിട്ടിൽ അവർ ആദ്യ ഗോൾ നേടി. കോർണറിൽ നിന്ന് തോമസ് കലാസ് നൽകിയ പന്ത് തോമസ് ഹോൾസ് ഹെഡ് ചെയ്ത് ഗോൾ വല ചലിപ്പിക്കുകയായിരുന്നു. 80ആം മിനിട്ടിൽ ചെക്ക് അടുത്ത ഗോളടിച്ചു. തോമസ് ഹോൾസിൻ്റെ അസിസ്റ്റിൽ നിന്ന് പീറ്റർ ഷിക്ക് ആണ് ഗോൾ നേടിയത്. ടൂർണമെൻ്റിൽ ഷിക്കിൻ്റെ നാലാം ഗോളാണ് ഇത്. ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാർക്കിനെ നേരിടും.
രണ്ടാം മത്സരത്തിൽ കളംനിറഞ്ഞു കളിച്ചിട്ടും ബെൽജിയത്തിനെതിരെ പരാജയപ്പെട്ട് മടങ്ങാനായിരുന്നു നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിൻ്റെ വിധി. പോസ്റ്റിലേക്ക് 23 വട്ടം നിറയൊഴിച്ചിട്ടും അവർക്ക് ഒരുതവണ പോലും കോർട്ട്വായെ കീഴ്പ്പെടുത്താനായില്ല. 1989നു ശേഷം പോർച്ചുഗലിനെതിരെ ബെൽജിയം നേടുന്ന ആദ്യ വിജയമാണിത്. അതിനു ശേഷം നടന്ന അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ബെൽജിയം പരാജയപ്പെടുകയായിരുന്നു.
കരുതലോടെ തുടങ്ങിയ ഇരു ടീമുകളും ആദ്യ പകുതി പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്. 25ആം മിനിട്ടിൽ ക്രിസ്ത്യാനോയ്ക്ക് ലഭിച്ച ഫ്രീകിക്ക് കോർട്ട്വാ കുത്തിയകറ്റി. 42ആം മിനിട്ടിൽ ബെൽജിയം ലീഡെടുത്തു. ബോക്സിനു പുറത്തുനിന്ന് തോർഗൻ ഹസാർഡിൻ്റെ ഒരു പവർഫുൾ ഷോട്ട് റൂയി പട്രീഷിയോയെ മറികടന്ന് വലതുളച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെൽജിയം സ്റ്റാർ പ്ലയർ കെവിൻ ഡി ബ്രുയ്നെ പരുക്കേറ്റ് പുറത്തുപോയി. സമനില ഗോൾ കണ്ടെത്താൻ പോർച്ചുഗൽ പൂർണമായും ആക്രമണത്തിലേക്ക് മാറി. നിരന്തരമുള്ള ആക്രമണങ്ങളൊക്കെ ബെൽജിയം പ്രതിരോധവും കോർട്ട്വായും ചേർന്ന് നിഷ്പ്രഭമാക്കിക്കൊണ്ടിരുന്നു. 87ആം മിനിട്ടിൽ പരുക്കേറ്റ ഏദൻ ഹസാർഡും പുറത്തുപോയി. ജയത്തോടെ ബെൽജിയം ക്വാർട്ടറിലേക്ക്.