“2020ലും ഇംഗ്‌ളണ്ടിലെ കറുത്തവര്‍ഗ്ഗക്കാര്‍ അടക്കമുള്ള ന്യൂപക്ഷ വിഭാഗങ്ങളിലെ 45 ശതമാനം കുട്ടികളും പട്ടിണിയിലാണ്. പത്ത് വര്‍ഷം മുമ്പ് ഭക്ഷണത്തിന് ബുദ്ധിമുട്ടിയിരുന്ന കുട്ടിയായിരുന്നു ഞാനും…”
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണ കൂപ്പണ്‍ നല്‍കുന്ന പദ്ധതി തുടരണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം മാര്‍കസ് റാഷ്‌ഫോഡ്. ബ്രിട്ടീഷ് ജനപ്രതിനിധികള്‍ക്കായുള്ള തുറന്ന കത്തിലാണ് റാഷ്‌ഫോഡ് കുട്ടികളുടെ പട്ടിണി മാറ്റാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ പോലെ ദരിദ്ര പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് ഇത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികളില്ലെങ്കില്‍ എങ്ങുമെത്താനാവില്ലെന്നും ലോകഫുട്‌ബോളിലെ ഏറ്റവും ട്രാന്‍സ്ഫര്‍ മൂല്യമുള്ള ഫുട്‌ബോള്‍ താരങ്ങളിലൊരാളായ 22കാരന്‍ റാഷ്‌ഫോഡ് പറയുന്നു.
സ്വന്തം കുടുംബത്തിന്റേയും താനടക്കമുള്ള അഞ്ച് മക്കളെ വളര്‍ത്താന്‍ മാതാവ് അനുഭവിച്ച കഷ്ടപ്പപ്പാടുകളും റാഷ്‌ഫോഡ് വൈകാരികമായി തന്നെ കത്തില്‍ വിവരിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ബ്രിട്ടനിലെ സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ഇക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ആഴ്ച്ചയില്‍ 15 പൗണ്ട് വീതം ചിലവാക്കാന്‍ സാധിക്കുന്ന ഭക്ഷണ കൂപ്പണ്‍ നല്‍കിയിരുന്നു. ഈ കൂപ്പണ്‍ ഉപയോഗിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും മറ്റും ഭക്ഷണം വാങ്ങാനാകും. പദ്ധതിയുടെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് റാഷ്‌ഫോഡിന്റെ ശ്രദ്ധക്ഷണിക്കല്‍.
An Open Letter to all MPs in Parliament…#maketheUturn
— Marcus Rashford (@MarcusRashford) June 14, 2020
Please retweet and tag your local MPs pic.twitter.com/GXuUxFJdcv
സൗജന്യ ഭക്ഷണ കൂപ്പണ് ഇംഗ്ലണ്ടിലെ ഏതാണ്ട് 13 ലക്ഷം വിദ്യാര്‍ഥികള്‍ അര്‍ഹരാണെന്നാണ് ഫുഡ് ഫൗണ്ടേഷന്‍ മെയ് മാസത്തില്‍ നടത്തിയ സര്‍വേ പറയുന്നത്. രണ്ട് ലക്ഷത്തോളം സ്കൂള്‍ കുട്ടികളെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് പട്ടിണി അനുഭവിക്കുന്നുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.
ഈ 2020ലും ഇംഗ്‌ളണ്ടിലെ കറുത്തവര്‍ഗ്ഗക്കാര്‍ അടക്കമുള്ള ന്യൂപക്ഷ വിഭാഗങ്ങളിലെ 45 ശതമാനം കുട്ടികളും പട്ടിണിയിലാണെന്ന് മറക്കരുതെന്ന് റാഷ്‌ഫോഡ് കത്തില്‍ പറയുന്നുണ്ട്. 2019-19ല്‍ ഏത് ക്ലാസെടുത്താലും 30 കുട്ടികളില്‍ ശരാശരി ഒമ്പത് പേര്‍ പട്ടിണി അനുഭവിക്കുന്നുണ്ട്. ഈ കണക്കിലേക്ക് 2022 ആകുമ്പോഴേക്കും പത്ത് ലക്ഷം കുട്ടികള്‍ കൂടി വര്‍ധിക്കും.
പത്ത് വര്‍ഷം മുമ്പ് താനും ഭക്ഷണത്തിന് ബുദ്ധിമുട്ടിയിരുന്ന കറുത്തവര്‍ഗ്ഗക്കാരനായ ഒരു കുട്ടി മാത്രമായിരുന്നെന്ന് റാഷ്‌ഫോര്‍ഡ് ഓര്‍മ്മിപ്പിക്കുന്നു. നടപടിയെടുത്തില്ലെങ്കില്‍ പട്ടിണിയെന്നത് തലമുറകള്‍ നീളുന്ന പകര്‍ച്ചവ്യാധിയാണ്. ഇതിന് താത്കാലിക പരിഹാരങ്ങളില്ലെന്നും റാഷ്‌ഫോഡ് കത്തില്‍ പറയുന്നു.
കോവിഡ് കാലത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായി റാഷ്‌ഫോഡിന്റെ നേതൃത്വത്തില്‍ 20 ദശലക്ഷം പൗണ്ട് സമാഹരിച്ചിരുന്നു. ഏതാണ്ട് മുപ്പത് ലക്ഷം ഭക്ഷണപൊതികളാണ് ഫെയര്‍ഷെയര്‍ യു.കെ എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്ന് റാഷ്‌ഫോഡ് വിതരണം ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ഭക്ഷണ കൂപ്പണ്‍ വിതരണം തുടരണമെന്ന പ്രചാരണം ഇംഗ്ലണ്ടില്‍ വ്യാപകമാണ്. അനുകൂല നടപടിയെടുത്തില്ലെങ്കില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലും സൗജന്യ ഭക്ഷണ കൂപ്പണായി വാദിക്കുന്നവര്‍ നിലപാടെടുത്തിരുന്നു.