പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന്‍റെ ബാഴ്സലോണയിലേക്കുള്ള ട്രാന്‍സ്ഫര്‍ സ്വപ്നങ്ങള്‍ക്ക് അറുതിയായിരിക്കുകയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. ഔസ്മാനെ ഡെംബലെ പി.എസ്.ജിയിലേക്ക് പോകാന്‍ വിസമ്മതം അറിയിച്ചതോടെയാണ് നെയ്മറിന്‍റെ ട്രാന്‍സ്ഫറിന്‍റെ കാര്യത്തില്‍ തീരുമാനമായത്. നെയ്മറിന്‍റെ ബാഴ്സയിലേക്കുള്ള ‘റീഎന്‍ട്രി’ ട്രാന്‍സ്ഫര്‍ കാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍, ബാഴ്സക്ക് പി.എസ്.ജിയുടെ ഓഫറുകളെ സംതൃപ്തിപ്പെടുത്താനായില്ല.
ഇവാന്‍ റാകിടിച്ച്, ജീന്‍ ക്ലെയര്‍ ടൊഡിബോ, ഔസ്മാനെ ഡെംബലെ എന്നിവരെയും ഒരു ഭീമന്‍ തുകയും നെയ്മറിന്‍റെ ബാഴ്സയിലേക്കുള്ള ട്രാന്‍സ്ഫര്‍ സ്വാപ്പിനായി പി.എസ്.ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ന്യൂ കാംപ് വിടാന്‍ ഡെംബലെ വിസമ്മതിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് അന്ത്യമായത്. റാകിടിച്ചും ടൊഡിബോയും പി.എസ്.ജിയിലേക്കുള്ള ട്രാന്‍സ്ഫറിന് സമ്മതം മൂളിയപ്പോള്‍ ഡെംബലെ വിസമ്മതിച്ചു. ഡെംബലെയുടെ സാന്നിധ്യം ഒഴിവാക്കാനാകാത്തതാണെന്ന് മനസിലാക്കിയ അദ്ദേഹത്തിന്‍റെ പ്രതിനിധികള്‍ ബാഴ്സക്കോ പി.എസ്.ജിക്കോ താങ്ങാനാകാവുന്നതിനേക്കാള്‍ വലിയ പ്രതിഫലം ട്രാന്‍സ്ഫറിനായി ആവശ്യപ്പെടുകയായിരുന്നു.
ഡെമ്പെലെയുടെ തീരുമാനത്തെ പുകഴ്ത്തി മുന്‍ ഫ്രാന്‍സ് താരം ഇമ്മാനുവല്‍ പെറ്റിറ്റും രംഗത്തുവന്നു. ‘നിങ്ങളുടെ മുന്നില്‍ തല കുനിക്കാന്‍ എനിക്ക് താല്‍പര്യമില്ല, എനിക്കീ വാഗ്ദാനങ്ങളൊന്നും വേണ്ട, നിങ്ങള്‍ക്കായി വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധിക്കില്ല എന്നെല്ലാം നെയ്മറിനോട് പറയാന്‍ ഒടുവില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ഡെംബലെയുടെ ഈ പ്രതികരണത്തില്‍ ഞാന്‍ വളരെയേറെ സന്തോഷിക്കുന്നു.’ പെറ്റിറ്റ് പറയുന്നു. 1998 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ബ്രസീലിനെ 3-0 എന്ന സ്കോറിന് പരാജയപ്പെടുത്തി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ആ സ്വപ്ന ഫൈനലില്‍ ഫ്രാന്‍സിനായി ഗോള്‍ നേടിയ താരമാണ് ഇമ്മാനുവല്‍ പെറ്റിറ്റ്.