Football Sports

വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്‍

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഈസ്റ്റ് ബം​ഗാളിന് സമനില സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‍സ്. വിജയിച്ചിക്കും എന്ന് കരുതിയ അവസാന നിമിഷത്തിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളില്‍ ഈസ്റ്റ്ബംഗാള്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇരുടീമുകളും ഓരോ ഗോളുകളടിച്ച മത്സരത്തില്‍ 64-ാം മിനിട്ടിൽ സൂപ്പർ താരം ജോർദാൻ മറെയാണ് ബ്ലാസ്റ്റേഴ്‍സിനായി സ്കോർ ചെയ്തത്.

ബ്ലാസ്റ്റേഴ്സ് ​ഗോൾകീപ്പർ ആൽബിനോ ​ഗോമസിന്റെ ലോങ്പാസ് സ്വീകരിച്ച് മറെ പന്ത് കൃത്യമായി വലയിലെത്തിച്ച് ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. മറെയുടെ ഈ സീസണിലെ ആറാം ​ഗോളാണിത്.

അവസാന നിമിഷങ്ങളിൽ നന്നായി ഡിഫൻഡ് ചെയ്തു എങ്കിലും 95ആം മിനുട്ടിലെ കോർണർ ഡിഫൻഡ് ചെയ്യുന്നതിൽ പിഴച്ചു. ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എടുത്ത കോര്‍ണര്‍ കിക്ക് കൃത്യമായി ഹെഡ്ഡ് ചെയ്ത് സ്‌കോട്ട് നെവില്‍ സമനില ഗോള്‍ നേടി.

ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ പത്താം സ്ഥാനത്ത് തന്നെ തുടരുകയാണ്. 10 പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.

ജെംഷദ്പുരിനെതിരെ ജയം നേടിയ ടീമിൽ നിന്ന് ഒരേയൊരു മാറ്റം മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്സ് വരുത്തിയത്. റൈറ്റ് ബാക്ക് പൊസിഷനിലേക്ക് നിഷു കുമാറിന്റെ വരവാണ് ഈ മാറ്റം.