Sports

സ്വന്തം റെക്കോർഡ് മറികടന്ന് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ

സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മറികടന്ന് ജാവലിൽ ത്രോയിൽ ഒളിമ്പിക്സ് സ്വർണം നേടിയ നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമിൽ നടന്ന ഡയമണ്ട് ലീഗിലാണ് നീരജ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. നേരത്തെ തൻ്റെ പേരിലുണ്ടായിരുന്ന 89.30 മീറ്റർ ദൂരം മറികടന്ന നീരജ് 89.94 മീറ്റർ ദൂരം കണ്ടെത്തിൽ വെള്ളി മെഡൽ നേടി. 90.31 മീറ്റർ ദൂരം കണ്ടെത്തിയ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് സ്വർണമെഡൽ നേടി.

തൻ്റെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് പുതിയ റെക്കോർഡ് കുറിച്ചു. പിന്നാലെയുള്ള 5 ശ്രമങ്ങളിൽ 84.37, 87.46, 86.67, 86.84 മീറ്റർ എന്നിങ്ങനെയാണ് നീരജ് കണ്ടെത്തിയ ദൂരം.

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ താരമാണ് നീരജ് ചോപ്ര. ഒളിമ്പിക്സ് അത്‌ലറ്റിക്സ് വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമായിരുന്നു അത്. 2008ലെ ബീജിംഗ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ജാവലിൻ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയിൽ സ്വർണ മെഡൽ സമ്മാനിച്ചത്. നീരജ് ചോപ്രയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ആദ്യ ഏറിൽ 87.03 മീറ്റർ പിന്നിട്ട നീരജ് രണ്ടാം ഏറിൽ കണ്ടെത്തിയത് 87.58. എന്നാൽ മൂന്നാമത്തെ ഏറിൽ 76.79 മീറ്റർ പിന്നിടാൻ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗൾ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നിൽ. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റർ) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റർ) വെങ്കലവും നേടി.

ഫൈനലിൽ നീരജിൻറെ പ്രധാന പ്രതിയോഗിയാകുമെന്ന് കരുതിയ മുൻ ലോക ചാമ്പ്യനും ലോ ഒന്നാം നമ്പർ താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോഗ്യത നേടിയില്ല. ആദ്യ ശ്രമത്തിൽ വെറ്റർ 82.52 മീറ്റർ എറിഞ്ഞപ്പോൾ രണ്ടും മൂന്നും ശ്രമങ്ങൾ ഫൗളായി. 97 മീറ്റർ ദൂരം പിന്നിട്ടിട്ടുള്ള താരമാണ് വെറ്റർ.