ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ നടന്ന 43 മത് ദേശീയ സീനിയൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ ചാമ്പ്യൻമാരായി. പത്ത് വർഷത്തിന് ശേഷമാണ് കേരളം ചാമ്പ്യൻമാരാകുന്നത്. ഗ്രാൻഡ് ഫൈനലിൽ കരുത്തരായ പഞ്ചാബിനെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.
ഗ്രാന്റ് ഫൈനൽ മത്സരത്തിന് മുമ്പേ ഫൈനലിൽ മഹാരാഷ്ട്രയെ 6 – 3നും, സൂപ്പർ ലീഗ് മത്സരങ്ങളിൽ തെലുങ്കാനയെ 1-0 ത്തിനും, ഡൽഹിയെ 9-0 ത്തിനും തോൽപ്പിച്ചാണ് മത്സരത്തിൽ തിളങ്ങിയത്. ചെമ്പഴന്തി എസ്. എൻ കോളജിലെ കായികാധ്യാപകനും സോഫ്റ്റ് ബോൾ ദേശീയ കോച്ചുമായ സുജിത് പ്രഭാകറിന്റെ പരിശീലനത്തിലാണ് കേരളം വീണ്ടും കിരീടം തിരികെ പിടിച്ചത്.
ദേശീയ കിരീടം ചൂടിയ കേരള ടീമിനെ സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ അഭിനന്ദിച്ചു. ടീമിന് സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ ഒരു ലക്ഷം രൂപ നൽകും. മടങ്ങിയെത്തുന്ന ടീമിന് 30 ന് രാവിലെ 6.15 ന് തിരുവനന്തപുരത്ത് സ്വീകരണവും നൽകും.