രണ്ടുവർഷ കരാർ സംബന്ധിച്ചാണ് ചർച്ചയെന്നും സൂപ്പര്‍ താരത്തിനായി റെക്കോർഡ് തുക മുടക്കാൻ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഒരുക്കമാണെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍
ബാഴ്സലോണ മാനേജ്മെന്റിന് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയ സൂപ്പർ താരം ലയണൽ മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാനുള്ള സാധ്യത ശക്തമാകുന്നു. താരത്തിന്റെ അഭ്യർത്ഥന സംബന്ധിച്ച് ബാഴ്സലോണ ഉന്നതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും മെസ്സിയുടെ പിതാവ് മാഞ്ചസ്റ്ററിൽ എത്തിയെന്നും സിറ്റി മാനേജ്മെന്റുമായി ചർച്ച നടത്തിയെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Lionel Messi's father 'is already in Manchester negotiating with City' https://t.co/JMghqsegGE pic.twitter.com/a6L9EbhZpQ
— MailOnline Sport (@MailSport) August 26, 2020
മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി മാഞ്ചസ്റ്ററിലുണ്ടെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി മെയ്ൽ പറയുന്നു. രണ്ടുവർഷ കരാർ സംബന്ധിച്ചാണ് ഇരുകക്ഷികളും തമ്മിൽ ചർച്ച ചെയ്യുന്നതെന്നും അർജന്റീനാ താരത്തിനായി റെക്കോർഡ് തുക മുടക്കാൻ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഒരുക്കമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബാഴ്സലോണയുമായുള്ള കരാർ ഏകപക്ഷീയമായി അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആകാനുള്ള വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് മെസ്സി ശ്രമിക്കുന്നത്. അങ്ങനെ വന്നാൽ ട്രാൻസ്ഫർ തുക നൽകാതെ തന്നെ മെസ്സിക്ക് സിറ്റിയിൽ ചേരാനാകും.
എന്നാൽ, ഈ വ്യവസ്ഥ നടപ്പാകണമെങ്കിൽ ജൂൺ മാസത്തിനു മുമ്പുതന്നെ മെസ്സി അറിയിക്കണമെന്ന സാങ്കേതികവാദം ബാഴ്സ ഉയർത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ, 630 ദശലക്ഷം പൗണ്ട് (6100 കോടി രൂപ) എന്ന റിലീസ് ക്ലോസ് നൽകി സൂപ്പർ താരത്തെ സ്വന്തമാക്കാൻ സിറ്റി ഒരുക്കമാണെന്നും ഡെയ്ലി മെയ്ൽ റിപ്പോർട്ടിൽ പറയുന്നു.
റിലീസ് ക്ലോസ് നൽകാതെ എത്തുകയാണെങ്കിൽ മെസ്സിക്ക് 94 ദശലക്ഷം പൗണ്ട് (920 കോടി) എന്ന ഭീമൻ തുകയാവും പ്രതിവർഷ വേതനമായി സിറ്റി നൽകുക. ഒരു ഫുട്ബോൾ താരം വാങ്ങുന്ന ഏറ്റവും വലിയ വേതനമാവും ഇത്. സിറ്റി കുപ്പായത്തിൽ കൂടുതൽ കിരീടങ്ങൾ നേടുകയാണെങ്കിൽ പ്രതിഫലത്തുക ഇനിയും കൂടുമെന്നും ഡെയ്ലി മെയ്ൽ പറയുന്നു.
മൂന്നു വർഷ കരാറാണ് സിറ്റി മെസ്സിക്ക് ഓഫർ ചെയ്യുന്നതെന്നും അതിനുശേഷം സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോർക്ക് സിറ്റി ക്ലബ്ബിൽ കളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും ബ്ലീച്ചർ റിപ്പോർട്ട് പറയുന്നു. ഇ.എസ്.പി.എൻ മാധ്യമപ്രവർത്തകരെ ഉദ്ധരിച്ചാണ് ബ്ലീച്ചർ റിപ്പോർട്ടിന്റെ വാർത്ത.
പ്രമുഖ സ്പോർട്സ് മാധ്യമമായ ബി.ഇന്നിലെ കമന്റേറ്റർ ടാൻക്രെഡി പാർമെരിയും മെസ്സി അടുത്ത സീസണിൽ സിറ്റിക്കു വേണ്ടി കളിക്കുമെന്നാണ് പറയുന്നത്.
ബാഴ്സ വിടുകയാണെങ്കിൽ മെസിയെ സ്വന്തമാക്കാൻ ഏറ്റവും സാധ്യത സിറ്റിക്കാണെന്നാണ് ഫുട്ബോൾ വൃത്തങ്ങൾ പറയുന്നത്. ബാഴ്സലോണയിൽ മെസിയെ പരിശീലിപ്പിച്ച പെപ്പ് ഗാര്‍ഡിയോളയുടെയും അർജന്റീന ദേശീയ ടീമിലെ സഹതാരവും സുഹൃത്തുമായ സെർജിയോ അഗ്വേറോയുടെ സാന്നിധ്യം, വൻതുക മുടക്കാനുള്ള ശേഷിയും സന്നദ്ധതയും, ബാക്ക്റൂം സ്റ്റാഫുമായുള്ള പരിചയം എന്നിവയാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.