മെസിയുടെ പിതാവും ഏജന്റുമായ ഹോർഹെ മെസിയുമായി ബാഴ്സ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യു നടത്തിയ ചർച്ചയിൽ ഇക്കാര്യം തീരുമാനമായതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാഡ്രിഡ്: ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി ഒരു വർഷംകൂടി ക്ലബ്ബിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. മെസിയുടെ പിതാവും ഏജന്റുമായ ഹോർഹെ മെസിയുമായി ബാഴ്സ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യു നടത്തിയ ചർച്ചയിൽ ഇക്കാര്യം തീരുമാനമായതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസൺ അവസാനിച്ചതിനു പിന്നാലെ ക്ലബ്ബ് വിടാൻ സന്നദ്ധത പ്രകടിപ്പിച്ച് മെസി ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു.
മെസി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബാഴ്സ പ്രസിഡണ്ടും അർജന്റീനാ താരത്തിന്റെ പിതാവും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ, ബാഴ്സലോണ നഗരത്തിലെത്തിയ ഹോർഹെ, മെസി ക്ലബ്ബ് വിടുമോ എന്ന ചോദ്യത്തിന് ഒന്നും തനിക്കറിയില്ല എന്ന മറുപടിയാണ് മാധ്യമങ്ങൾക്കു നൽകിയത്. ബർതമ്യുവും ഹെർഹെയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സൂപ്പർ താരം ഒരു സീസൺ കൂടി തുടരാനുള്ള സാധ്യത ശക്തമായതായും ബാഴ്സയിലെ കരാർ പുതുക്കാതെ 2020-21 സീസണിനൊടുവിൽ മെസി ക്ലബ്ബ് വിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഫ്രീ ഏജന്റായി പോകാൻ തന്നെ അനുവദിക്കണമെന്ന് മെസിയും 700 ദശലക്ഷം യൂറോ എന്ന റിലീസ് ക്ലോസ് നൽകിയാലേ താരത്തിന് പോകാൻ കഴിയൂ എന്ന് ബാഴ്സയും നിലപാടെടുത്തതോടെയാണ് ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കിയ ട്രാൻസ്ഫർ വാർത്തയിൽ പുതിയ വഴിത്തിരിവുണ്ടാകുന്നത്. ഫ്രീ ഏജന്റായി വരികയാണെങ്കിൽ 700 ദശലക്ഷം യൂറോ (6100 കോടി രൂപ) മൂല്യമുള്ള അഞ്ചുവർഷ കരാറാണ് മാഞ്ചസ്റ്റർ സിറ്റി മെസിക്കു മുന്നിൽ വെച്ചത് എന്നും റിപ്പോർട്ടുകളുണ്ട്. ഫ്രീ ഏജന്റായി വരാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഒരു സീസൺ കൂടി ബാഴ്സയിൽ തുടരാനും അടുത്ത സീസണിൽ ക്ലബ്ബ് മാറാനും മെസിയെ സിറ്റി അധികൃതർ ഉപദേശിച്ചതായും ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നു.