ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ സെമിഫൈനലിൽ തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് യുണൈറ്റഡിന്റെ വിജയം. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ ഇന്നലത്തെ മത്സരത്തിൽ ഗോൾ മാത്രം അകന്നു നിന്നു. തുടർന്ന്, ഷൂട്ട് ഔട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ സോളി മാർച്ചാണ് ബ്രൈറ്റണിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. ഈ സീസണിൽ യുണൈറ്റഡിന്റെ രണ്ടാമത്തെ ഫൈനലിലാണിത്. ഫൈനലിൽ സ്വന്തം നാട്ടുകാരും ചിരവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. നേരത്തെ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പിൽ ഫൈനലിലെത്തിയ ക്ലബ് ന്യൂകാസ്റ്റിലിനെ തോൽപ്പിച്ച് കിരീടം ഉയർത്തിയിരുന്നു.
സെവിയ്യയുമായുളള മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്നലെ യുണൈറ്റഡ് ഇറങ്ങിയത്. സസ്‌പെൻഷൻ നേരിടുന്ന ഹാരി മഗ്വയറിന് പകരം ലുക്ക് ഷോ ഇന്നലെ കളിക്കളത്തിലെത്തി. സാഞ്ചോക്ക് പകരം റാഷ്‌ഫോർഡും സാബിസ്റ്ററിന് പകരം ബ്രൂണോ ഫെർണാണ്ടസും ഇന്നലെ കളിക്കളത്തിൽ ഇറങ്ങി. ഗോൾവലക്ക് കീഴിൽ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഗിയ നടത്തിയ അസാമാന്യമായ സേവുകളാണ് യുണൈറ്റഡിനെ രക്ഷിച്ചത്. പ്രതിരോധത്തിൽ വിക്ടോ ലിന്ഡലോഫിന്റെ പ്രകടനം എടുത്ത് പറയേണ്ടതായിരുന്നു. റോബർട്ടോ ഡി സെർബിയുടെ കീഴിൽ മികച്ച ഫോമിലായിരുന്നു ബ്രൈറ്റൺ. എന്നാൽ, യുണൈറ്റഡ് പ്രതിരോധത്തെ ഭേദിക്കാൻ അവർക്ക് സാധിച്ചില്ല.
ആറു സേവുകളുമായി ബ്രൈറ്റൺ ഗോൾ കീപ്പർ റോബർട്ടോ സാഞ്ചസ് കൂടി കളം നിറഞ്ഞപ്പോൾ മുഴുവൻ സമയവും അധിക സമയവും കടന്നു മത്സരം പെനൽറ്റി ഷൂട്ട്ഔട്ടിലേക്ക്. ഇരു ടീമുകളും ആറു വീതം കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. ഏഴാമത്തെ കിക്ക് എടുക്കാൻ എത്തിയ സോളി മാർച്ചിന് പക്ഷെ പിഴച്ചു. ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. തുടർന്ന്, കിക്കെടുത്ത ലിൻഡലോഫ് ലക്ഷ്യം കണ്ടതോടെ വിജയം യൂണൈറ്റഡിനൊപ്പം ചേർന്നു.
കഴിഞ്ഞ ദിവസം, ഷെഫീൽഡ് യുണൈറ്റഡിനെ മഹ്റെസിന്റെ ഹാട്രിക്ക് മികവിൽ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ ക്രിയയും ഫൈനലിലേക്ക് കടന്നതോടെ ആരാധകരുടെ ആവേശം വർധിക്കുമെന്ന് ഉറപ്പ്. ജൂൺ മൂന്നിന് വെംമ്പ്ളി സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ.