Football Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ത്ത് സുവാരസ്

ബാഴ്‌സലോണയില്‍ നിന്നും അത്‌ലറ്റികോ മഡ്രഡിലെത്തിയ ലൂയിസ് സുവാരസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. സെല്‍റ്റ വിഗോയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം ഇരട്ടഗോളുകളാണ് നേടിയത്. മത്സരം സമനിലയിലായെങ്കിലും ഒരു റെക്കോര്‍ഡ് കൂടി താരം സ്വന്തമാക്കി. അതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൈവശം വെച്ചൊരു നേട്ടം.

ഒരു ലാലീഗ ടീമിന് വേണ്ടി 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 16 ഗോളുകളാണ് സുവാരസ് നേടിയത്. അത്രയും മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോയുടെ പേരിലുള്ളത് 15 ഗോളുകളാണ്. 2009/10 സീസണില്‍ റയല്‍മാഡ്രിഡിന് വേണ്ടിയാണ് റൊണാള്‍ഡോ 15 ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വന്നതിന് ശേഷമായിരുന്നു റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്.

ലാലീഗയിലെ ഗോള്‍വേട്ടക്കാരില്‍ 15 ഗോളുമായി സുവാരസായിരുന്നു മുന്നിട്ട് നിന്നിരുന്നത്. കഴിഞ്ഞ മത്സരത്തിലെ ഇരട്ടഗോളോടെ നേട്ടം 17ലെത്തിക്കാനായി. അതേസമയം ലാലീഗയില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 51 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് തന്നെയാണ് മുമ്പന്തിയിലുള്ളത്. 43 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തുണ്ട്. അത്രയും പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.