ജയത്തോടെ 28 കളികളില്‍ നിന്നും 61 പോയിന്റുമായി ബാഴ്‌സലോണ ലാലിഗയില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ആധികാരികമാക്കി…
കോവിഡ് ഒരുക്കിയ അപ്രതീക്ഷിത മൂന്ന് മാസ ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ഇടിവെട്ട് പ്രകടനമാണ് മെസിയും സഹതാരങ്ങളും ബാഴ്‌സക്കുവേണ്ടി പുറത്തെടുത്തത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസി അരങ്ങിലും അണിയറയിലും തിളങ്ങിയപ്പോള്‍ റിയല്‍ മല്ലോര്‍ക്ക ബാഴ്സലോണക്ക് മുന്നില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ന്നുപോയി. തുടര്‍ച്ചയായി 12 സീസണുകളില്‍ ഇരുപതിലേറെ ഗോളുകള്‍ നേടുന്ന താരമെന്ന അപൂര്‍വ്വ റെക്കോഡും മെസി സ്വന്തമാക്കി.
കളയാനൊട്ടും സമയമില്ലെന്ന പ്രഖ്യാപനത്തോടെയാണ് അര്‍ട്ടൂറോ വിദാല്‍ രണ്ട് മിനുറ്റ് എണ്ണി തീരും മുമ്പേ ഡൈവിംഗ് ഹെഡ്ഡറിലൂടെ ബാഴ്‌സലോണയെ മുന്നിലെത്തിച്ചത്. ഡാനിഷ് താരം മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റിന്റെ ഗോളിലൂടെ ഇടവേളക്ക് മുമ്പേ രണ്ട് ഗോള്‍ മുന്‍തൂക്കം ബാഴ്‌സലോണ നേടി. 79ാം മിനുറ്റില്‍ ജോര്‍ഡി ആല്‍ബ നേടിയ ഗോളിന്റേയും ബ്രാത്ത്‌വെയ്റ്റിന്റെ ഗോളിന്റേയും അണിയറയില്‍ മെസിയായിരുന്നു. 93ാം മിനുറ്റില്‍ മെസി തന്നെ ഗോളടിച്ച് ബാഴ്‌സലോണയുടെ സ്‌കോറിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു.
ജയത്തോടെ 28 കളികളില്‍ നിന്നും 61 പോയിന്റുമായി ബാഴ്‌സലോണ ലാലിഗയില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ആധികാരികമാക്കി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായി അഞ്ച് പോയിന്റിന്റെ വ്യത്യാസം ബാഴ്‌സക്കുണ്ട്. ബാഴ്സയുമായുള്ള അകലം കുറക്കുകയെന്ന ലക്ഷ്യത്തില്‍ റയല്‍ ഇന്ന് എയ്ബറിനെ നേരിടാനിറങ്ങും.
ലാലിഗയിലെ മറ്റു മത്സരഫലങ്ങള്‍
വലന്‍ലിയ -ലെവന്റെ(1-1), എസ്പാനിയോള്‍ -ആല്‍വേസ്(2-0), വില്ലാറയല്‍ -സെല്‍റ്റാവിഗോ(1-0), വല്ലഡോലിഡ് -ലെഗാനെസ്(2-1)