സ്ട്രൈക്ക് റേറ്റിൽ കാര്യമില്ലെന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ കെഎൽ രാഹുൽ. വിജയലക്ഷ്യം പരിഗണിച്ചാണ് ബാറ്റ് ചെയ്യേണ്ടതെന്ന് വരുന്ന സീസണിലേക്കുള്ള ലക്നൗവിൻ്റെ ജേഴ്സി അവതരണ ചടങ്ങിനിടെ രാഹുൽ പ്രതികരിച്ചു.
“സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വിജയലക്ഷ്യം പരിഗണിച്ചാണ് അത്. 140 റൺസ് പിന്തുടരുമ്പോഴും 200 റൺസ് പിന്തുടരുമ്പോഴും ഒരേ സ്ട്രൈക്ക് റേറ്റിൻ്റെ ആവശ്യമില്ല. സാഹചര്യം പരിഗണിച്ചാണ് അത് തീരുമാനിക്കേണ്ടത്.”- കെഎൽ രാഹുൽ പ്രതികരിച്ചു.
വരുന്ന സീസണിലേക്കുള്ള ജഴ്സി ലക്നൗ സൂപ്പർ ജയൻ്റ്സ് അവതരിപ്പിച്ചിരുന്നു. കടും നീല നിറത്തിലുള്ള ജഴ്സിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, ക്യാപ്റ്റൻ കെഎൽ രാഹുൽ, ടീം ഉപദേശകൻ ഗൗതം ഗംഭീർ, ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്നാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്.
കഴിഞ്ഞ സീസണിൽ 9 ജയം സഹിതം 18 പോയിൻ്റുമായി ലക്നൗ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ മാസം 31നാണ് ഇക്കൊല്ലത്തെ ഐപിഎൽ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും.