Sports

ബംഗ്ലദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കില്ല; രാഹുൽ ദ്രാവിഡ്

ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതോടെ ഓപ്പണർ കെ.എൽ രാഹുലിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചാണ് ഇന്ത്യൻ ആരാധകർക്കിടയിലെ പ്രധാന ചർച്ച. 8 പന്തിൽ 4 റൺസ്, 12 പന്തി‍ൽ 9, 14 പന്തിൽ 9 എന്നിവയാണ് കഴിഞ്ഞ 3 മത്സരങ്ങളിൽ രാഹുലിന്റെ സ്കോ‍ർ. എന്നാൽ തരത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.

നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിനെ ഒഴിവാക്കി രോഹിതിനൊപ്പം ഓപ്പൺ ചെയ്യാൻ ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട് തള്ളിയ ദ്രാവിഡ് കെ.എൽ രാഹുൽ ടീമിൽ തുടരുമെന്ന് പറഞ്ഞു. താരത്തിൽ പൂർണ വിശ്വാസമുണ്ട്. കെ‌.എൽ.ആർ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗ് തുടരുമെന്നും രാഹുൽ അറിയിച്ചു.

കെ.എൽ രാഹുൽ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഓസ്‌ട്രേലിയയിൽ ഓപ്പണർമാർക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാണ്. ഈ ടി20 ലോകകപ്പിലെ ഓരോ കളിക്കാരനിലും രോഹിത് ശർമ്മ വിശ്വസിക്കുന്നുവെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. അഡ്‌ലെയ്ഡിൽ നാളെ നടക്കുന്ന മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേശ് കാർത്തിക് കളിക്കുമോ എന്നതിനെ കുറിച്ചും ദ്രാവിഡ് പ്രതികരിച്ചു.

ദിനേശ് കാർത്തിക് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും പരിശീലനത്തിന് എത്തിയിട്ടുണ്ടെന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു. ‘ബംഗ്ലാദേശിനെതിരെ കളിക്കണോ വേണ്ടയോ എന്ന് നാളെ രാവിലെ തീരുമാനിക്കും. കഠിനമായ സാഹചര്യത്തിലാണ് ദിനേഷ് കാർത്തിക് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് അത്തരം കളിക്കാരെ നമ്മൾ പിന്തുണയ്ക്കണം.’- രാഹുൽ പറഞ്ഞു.