ഐ.സി.യുവിലുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും വെന്റിലേറ്ററിലുള്ള കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഐ.എസ്.എല്ലില്‍ ഇന്നത്തെ പോരാട്ടമെന്നു പറയുന്നതാവും നല്ലത്. പോയന്റ് പട്ടികയില്‍ ആറും ഒമ്ബതും സ്ഥാനത്തുള്ള ഇരുവരും ഡെയ്ഞ്ചര്‍ സോണിലാണ്. ഒമ്ബതു കളി പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് ഒരുജയം മാത്രമാണുള്ളത്. നാലു മത്സരങ്ങള്‍ സമനിലയായപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനും കാര്യമായ മെച്ചമൊന്നുമില്ല. എട്ടു മത്സരങ്ങളില്‍ രണ്ടു ജയം. രണ്ടു തോല്‍വിയും നാലു സമനിലയും.
ജയിച്ചാല്‍ മതിയായിരുന്നു
ഹോം ഗ്രൗണ്ടിലെ ആദ്യ ജയത്തിനു പിന്നാലെ തോല്‍വിയും സമനിലയും മാത്രം ഏറ്റുവാങ്ങി പ്രതിസന്ധിയിലായെങ്കിലും ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍കോ ഷട്ടോറി പറയുന്നത് പ്ലേ ഓഫ് സാധ്യത ഇനിയും മുന്നിലുണ്ടെന്നാണ്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള മത്സരത്തിനുമുമ്ബ് മാധ്യമങ്ങളോട് സംസാരിച്ച കോച്ച്, പ്ലേ ഓഫ് വാതില്‍ അടഞ്ഞിട്ടില്ലെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു.
തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലും തോറ്റതില്നിന്ന് ഒരു തിരിച്ചുവരവിനാണ് കോച്ച് റോബര്‍ട്ട് ജര്‍നിയും സംഘവും ശ്രമിക്കുന്നത്. അവസാന നാലു മത്സരങ്ങളിലും ജയിക്കാനായിട്ടില്ല. പ്ലേ ഓഫ് ബര്‍ത്ത് സാധ്യത നിലനിര്‍ത്താന്‍ മഞ്ഞപ്പടയെ മെരുക്കി വടക്കുകിഴക്കന്‍ പോരാളികള്‍ക്ക് ജയിച്ചേ പറ്റൂ.
ബംഗളൂരുവിനെതിരെ സൂപ്പര്‍ താരം അസമാവോ ഗ്യാന്‍ ഇല്ലാതിരുന്നത് തിരിച്ചടിയായിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ ഘാന താരം തിരിച്ചെത്തുമെന്നാണ് സൂചനകള്‍.