സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന് നിർണായകമായ മത്സരം. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ കർണാടകയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് കേരളത്തിന് വിനയായത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ടീമിന് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താം. സെമിയിലേക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം.
ആദ്യ മത്സരത്തിൽ ഗോവയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആവേശ വിജയം നേടിയ കേരളത്തിന് പക്ഷെ കഴിഞ്ഞ മത്സരത്തിൽ കാലിടറി. കർണാടകക്ക് എതിരായ മത്സരത്തിൽ മുന്നേറ്റ നിരയും മധ്യ നിരയും ഗോളുകൾ കണ്ടെത്താനാകാതെ കുഴഞ്ഞപ്പോൾ വിജയം കർണാടകക്ക് അനുകൂലമായി തീർന്നു. കർണാടകക്കായി അഭിഷേക് ശങ്കർ നേടിയ ഗോളിന് മറുപടി നൽകാൻ കേരളത്തിന് കഴിയാതെ പോയി. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി സെമി ഫൈനലിൽ ജെസിന്റെ ഹാട്രിക്ക് അടക്കം ഏഴ് ഗോളുകളാണ് കർണാടകക്ക് എതിരെ കേരളം നേടിയിരുന്നത്. അതിനാൽ തന്നെ വളരെയധികം ശ്രദ്ധയോടെയാകും കേരളം ഇന്ന് കളിക്കളത്തിൽ ഇറങ്ങുക.
ആദ്യ മത്സരത്തിൽ ഒഡിഷയോട് സമനില വഴങ്ങിയ മഹാരാഷ്ട്ര രണ്ടാം മത്സരത്തിൽ പഞ്ചാബിനോട് തോറ്റിരുന്നു. രണ്ട് മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടി മഹാരാഷ്ട്ര അഞ്ചാം സ്ഥാനത്താണ്. ഇന്ന് തോൽവിയോ സമനിലയോ കേരളത്തിന് വഴങ്ങേടി വന്നാൽ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സര ഫലത്തെ കൂടി ആശ്രയിക്കും കേരളത്തിന്റെ സെമി പ്രവേശം.