Sports

സംസ്ഥാന സ്കൂൾ കായികമേളയിൽ കുടുംബചരിത്രം ആവർത്തിക്കുന്നു; തോമസ് മാഷിൻ്റെ വഴിയേ മകൾ രജനിയും

തേഞ്ഞിപ്പലത്ത് സമാപിച്ച സംസ്ഥാന സെൻട്രൽ സ്കൂൾ കായികമേളയിൽ മൂവാറ്റുപുഴ നിർമല പബ്ളിക് സ്കൂൾ ചാംപ്യൻമാരായപ്പോൾ കുടുംബ ചരിത്രം ആവർത്തിക്കുകയായിരുന്നു. കോരുത്തോട് സി.കെ.എം.എച്ച്. എസിനെ സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാംപ്യൻ സ്കൂൾ ആയി ഉയർത്തിയ കായികാധ്യാപകൻ, ദ്രോണാ ചാര്യ കെ.പി.തോമസിൻ്റ ഇളയ പുത്രി രജനി തോമസ് എന്ന കായികാധ്യാപികയാണ് മൂവാറ്റുപുഴ നിർമല സ്കുളിൻ്റെ വിജയത്തിനു പിന്നിൽ.

സംസ്ഥാന സ്കൂൾ കായികമേളയിൽ അച്ഛൻ്റെ ശിക്ഷണത്തിൽ ജൂനിയർ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം നേടിയ രജനി എം.ജി.സർവകലാശാലാ ചാംപ്യനായി. പിന്നീട് കാലിക്കറ്റിനെ പ്രതിനിധാനം ചെയ്ത് അഖിലേന്ത്യാ അന്തർസർവകലാശാലാ മീറ്റിൽ പങ്കെടുത്തു. തുടർന്നു കായികാധ്യാപികയായ രജനി 11 വർഷം മാറാടി ഹോളി ഫാമിലി സ്കൂളിൽ ആയിരുന്നു. കഴിഞ്ഞ 12 വർഷമായി മൂവാറ്റുപുഴ നിർമല പബ്ളിക് സ്കൂളിൽ. ഏഴു വർഷം, നൂറ്റിനാല്പതോളം സ്കൂളുകൾ ഉൾപ്പെട്ട സെൻട്രൽ കേരള സഹോദയ ചാംപ്യൻഷിപ് നിർമല സ്കൂളിനു നേടിക്കൊടുത്തു. സി.ബി.എസ്.ഇ. ക്ളസ്റ്റർ 11 സംസ്ഥാന മീറ്റിൽ റണ്ണേഴ്സ് അപ്പ് ആയിരുന്നു.

ഇപ്പോൾ സംസ്ഥാനത്തെ ചാംപ്യൻ സ്കൂൾ.16 സ്വർണവും എട്ടു വെള്ളിയും രണ്ടു വെങ്കലവും നേടി 104 പോയിൻറാണ് നിർമല പബ്ളിക് സ്കൂൾ കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തു വന്ന തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിന് 101 പോയിൻ്റുണ്ട്. തൃശൂർ ജില്ലയാണ് ഓവറാൾ ചാംപ്യൻമാർ.
കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയും കേരളാ സ്പോർട്സ് കൗൺസിലും സംയുക്തമായിട്ടാണ് സെൻട്രൽ സ്ക്കൂൾ സ് മീറ്റ് സംഘടിപ്പിച്ചത്.

പിന്നോട്ടു നോക്കുമ്പോൾ 1986-87ൽ അരുവിത്തുറയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ആണ് കോരുത്തോട് സി.കെ.എം.എച്ച്.എസിനെ തോമസ് മാഷ് ആദ്യമായി മുന്നിൽ എത്തിച്ചത്. പിന്നെ, 89-90 മുതൽ വിജയം തുടർക്കഥ.കോരുത്തോടിൻ്റെ മികവിൽ ആദ്യം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയും പിന്നീട് കോട്ടയം റവന്യു ജില്ലയും സംസ്ഥാന മീറ്റിൽ മേധാവിത്വം കാട്ടി.

കെ.പി.തോമസ് ഇപ്പോൾ പൂഞ്ഞാർ എസ്.എം.വി. സ്കൂളിൽ ആണ്. അവിടെത്തന്നെ പുത്രൻ രാജസ് തോമസും കായികപരിശീലകനായുണ്ട്. രാജസ് മുൻ അത്ലിറ്റാണ്. കെ.പി. തോമസിൻ്റെ മുത്ത പുത്രി രാജി കോരുത്തോട് സ്കുളിൽ ഗണിത ശാസ്ത്ര അധ്യാപികയാണ്. തൻ്റെ സ്കൂളിൻ്റെ നേട്ടം പിതാവ് തെളിച്ച വഴി ഓർമിക്കാനുള്ള അവസരമായി രജനി കരുതുന്നു. മൂവാറ്റുപുഴയിൽ ആണ് രജനി താമസം .ഭർത്താവ് പ്രിൻസ് ചാക്കോ . മക്കൾ ഗോൾഡിയും ഗ്ളാഡിയും.