Sports

പരുക്കിന്റെ പിടിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്; പ്ലേ ഓഫ് ലക്ഷ്യമാക്കി കൊമ്പന്മാർ ഇന്ന് ചെന്നൈയിനെതിരെ

വിദേശ താരങ്ങൾ അടക്കം ടീമിലെ പ്രധാന താരങ്ങൾക്ക് പരുക്ക് ബാധിച്ചതോടെ ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. നാല് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേഓഫിന് തൊട്ടടുത്താണ് ടീം. നാല് പോയിന്റുകൾ മാത്രം നേടിയാൽ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് യോഗ്യത നേടാം. അതിനാൽ തന്നെ ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. കരോട്ടിൻ പ്രതിരോധ താരം ലെസ്‌കോവിച്ച് പരുക്കിൽ നിന്ന് മുക്തമായെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇന്നലെയും ടീമിനൊപ്പം ട്രെയിൻ ചെയ്യാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടാതെ, മുന്നേറ്റ താരം അപോസ്തലസ് ജിയാനുവും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല.

ടീമിനെ ബാധിച്ച പകർച്ചപ്പനിയെപ്പറ്റി കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ച് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. മുംബൈ സിറ്റിയുമായുള്ള മത്സരത്തിന് ശേഷം താൻ എന്നും മെഡിക്കൽ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കാറുണ്ട്. ആ ദിവസം രാവിലെ ആർക്കൊക്കെ പനി ബാധിച്ചു എന്ന് പരിശോധിച്ചാണ് ട്രെയിനിങ് സെഷനുകൾക്ക് തയ്യാറാകുന്നത്. ഇന്നലെ രാവിലെ ജിയാനുവിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുംബൈക്ക് ശേഷമുള്ള മത്സരത്തിന് ശേഷം 15 താരങ്ങൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, റിസർവ് ടീമിനൊപ്പമുള്ള മത്സരത്തിൽ യുവതാരം നിഹാൽ സുധീഷിന് പരിക്കേറ്റിരുന്നു. സന്ദീപ് സിങിന് പരിക്കേറ്റതോടെ ദുർബലമായ ഫുൾ ബാക്ക് പൊസിഷൻ ശക്തിപ്പെടുത്താൻ സന്തോഷ് ട്രോഫി ജേതാവ് കൂടിയായ മുഹമ്മദ് ഷഹീഫിനെ പ്രൊമോട്ട് ചെയ്തിട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന ടീമിന്റെ ഒന്നാം ഗോൾകീപ്പർ പ്രബ്സുഖൻ ഗിൽ ഇന്നലെ പരിശീലനം പുനരാംഭിച്ചത് ആരാധകർക്കിടയിൽ ആശ്വാസത്തിന് വഴിവെച്ചിട്ടുണ്ട്.

അടുത്ത നാല് മത്സരങ്ങളിൽ, എതിർ ടീമുകളുടെ ഫോമും പോയിന്റ് ടേബിളിലെ സ്ഥാനവും പരിശോധിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റുകൾ നേടുന്നതിന് ഏറ്റവും നിർണായമാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ചെന്നൈ ജയിച്ചത്.