Football Sports

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡേവിഡ് ജെയിംസിന് പകരം പുതിയ പരിശീലകനെ നിയമിച്ചു. പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാദയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍. ഐ.എസ്.എല്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് നിയമനം.

നെലോ ഐ.എസ്.എല്‍ പരിശീലകനാകുന്നത് രണ്ടാം തവണയാണ്. 2016-17 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായിരുന്നു പോര്‍ച്ചുഗല്‍ അണ്ടര്‍ 20, സൗദി അറേബ്യ, ഇറാന്‍(അണ്ടര്‍ 23) മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍ എഫ് സി സിയോള്‍ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു നെലോ വിന്‍ഗാദ. ‘ദി പ്രൊഫസര്‍’ എന്നാണ് നെലോ വിന്‍ഗാദ അറിയപ്പെടുന്നത്.

സൗദി അറേബ്യക്ക് 1996ലെ ഏഷ്യ കപ്പ് കിരീടവും 1998 ഫ്രാന്‍സ് ലോകകപ്പിലേക്ക് യോഗ്യതയും നെലോ നേടി കൊടുത്തിട്ടുണ്ട്.

ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ ബ്ലാസ്‌റ്റേഴ്‌സ് നിയമിച്ചത്. ഐ.എസ്.എല്‍ രണ്ടാം പാദ മത്സരങ്ങള്‍ ജനുവരി 25 മുതലാണ് ആരംഭിക്കുക. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സാണ് കളത്തിലിറങ്ങുന്നത്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് എതിരാളികള്‍. 12 മത്സരങ്ങളില്‍നിന്ന് 27 പോയിന്റുമായി ബംഗളൂരു എഫ്.സിയാണ് ലീഗില്‍ ഒന്നാമത്. 12 മത്സരങ്ങളില്‍നിന്ന് ഒമ്പത് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.