Football Sports

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും; 2028 വരെ കരാർ നീട്ടി

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും. അഞ്ച് വർഷത്തേക്കാണ് കരോളിസുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് നീട്ടിയിരിക്കുന്നത്. 2028 വരെ ക്ലബ്ബിന്റെ കായിക കാര്യങ്ങളുടെ ചുക്കാൻ പിടിക്കുക കരോളിസായിരിക്കും.

2020ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രപ്രധാനമായ പുഃനസംഘടനയുടെ ഭാഗമായാണ് സ്പോട്ടിങ് ഡയറക്ടറായി കരോളിസ് ക്ലബ്ബിനൊപ്പം ചേരുന്നത്. അന്ന് മുതൽ ക്ലബ്ബിന്റെ കായിക പ്രവർത്തനങ്ങളുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു വരുന്നു. കരോളിസ് ചുമതലയേറ്റെടുത്തതിന് ശേഷം ക്ലബ് ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി പ്ലേഓഫുകൾക്ക് യോഗ്യത നേടുകയും 2021-22 സീസണിൽ ടീം റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ നിരവധി ക്ലബ്ബ് റെക്കോർഡുകൾ തിരുത്തിയെഴുതുകയും പുതിയത് രചിക്കുകയും ചെയ്തു.

കരോളിസിന്റെ ഇടപ്പെടൽ കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമുകളിൽ വലിയ മുന്നേറ്റത്തിന് കാരണമായി. യൂത്ത് ടീമുകളുടെ മെച്ചപ്പെട്ട പ്രകടനങ്ങൾക്കൊപ്പം, മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിലും ഫലപ്രദമായ മാതൃക സൃഷ്ടിക്കാനും അദ്ദേഹത്തിനും സാധിച്ചു. വ്യക്തമായ മാനദണ്ഡം സൃഷ്ടിക്കുന്നതുവഴി നിരവധി അക്കാദമി താരങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ പ്രധാന ടീമിലിടം പിടിച്ചത്.