Sports

ടോക്യോ ഒളിമ്പിക്സ്: പുരുഷ താരങ്ങളെ പിന്തള്ളി ചരിത്രത്തിലാദ്യമായി അശ്വാഭ്യാസ സ്വർണം വനിതാ താരത്തിന്

ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ സ്വർണമെഡൽ നേടി വനിതാ താരം. ജർമനിയുടെ ജൂലിയ ക്രയേവ്സ്കിയാണ് ഒപ്പം മത്സരിച്ച പുരുഷ താരങ്ങളെയൊക്കെ മറികടന്ന് സ്വർണമെഡൽ സ്വന്തമാക്കിയത്. ഗ്രേറ്റ് ബ്രിട്ടണിൻ്റെ ടോം മക്‌ഈവനാണ് വെള്ളി. ഓസീസ് താരം ആൻഡ്രൂ ഹോയ് വെങ്കലം നേടി. 2016 റിയോ ഒളിമ്പിക്സ് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ സംഘാംഗം കൂടിയാണ് ജൂലിയ. (Julia Krajewski equestrian olympics)

ഈ വർഷാരംഭത്തിൽ പിതാവിനെ നഷ്ടമായ ജൂലിയ ഒളിമ്പിക്സിനെത്തുമോ എന്നത് സംശയമായിരുന്നു. എന്നാൽ, മത്സരിക്കാൻ തീരുമാനിച്ച താരം അവിസ്മരണീയ റെക്കോർഡ് സ്വന്തമാക്കിയാണ് മടങ്ങുന്നത്.

1952 ഹെൽസിങ്കി ഒളിമ്പിക്സ് മുതലാണ് സ്ത്രീകൾക്ക് അശ്വാഭ്യാസത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. 1964 ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സ്ത്രീകൾ അശ്വാഭ്യാസത്തിൽ പങ്കെടുത്തത്. അമേരിക്കയുടെ ലാന ഡു പോണ്ട് ആയിരുന്നു ഈയിനത്തിലെ ആദ്യ വനിതാ താരം. പുരുഷ, വനിതാ താരങ്ങൾ പരസ്പരം മത്സരിക്കുന്ന ഒരേയൊരു ഒളിമ്പിക് ഇവൻ്റാണ് അശ്വാഭ്യാസം.