Sports

കൊവിഡ് വ്യാപനം: ഒളിമ്പിക്സിൽ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കും

ജപ്പാനിൽ പ്രതിദിന കൊവിഡ് രോഗികൾ വര്‍ദ്ധിക്കുകയാണ്. ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുന്ന ജൂലൈ മാസത്തില്‍ ഇത് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. എന്നാൽ മത്സരങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. കാണികളെ പൂര്‍ണമായി ഒഴിവാക്കി ഒളിമ്പിക്സ് മത്സരങ്ങൾ നടത്താനാണ് ആലോചന.

നിലവിലുള്ള തീരുമാനം അനുസരിച്ച്‌ വിദേശ കായിക പ്രേമികളെ പൂര്‍ണമായി ഒഴിവാക്കി മത്സരം നടത്താനാണ് കമ്മിറ്റിയുടെ തീരുമാനം. പരമാവധി 10,000 കാണികള്‍ക്കു മാത്രമേ ഒരു സമയം സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് ടോക്കിയോയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. അതിനുശേഷം മാത്രമായിരിക്കും കാണികളുടെ പ്രവേശനം സംബന്ധിച്ച്‌ അന്തിമതീരുമാനം ഉണ്ടാകുകയുള്ളു.

കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജപ്പാനില്‍ ജൂലായ് 12 മുതല്‍ ആഗസ്റ്റ് 22 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഭരണകൂടം അറിയിച്ചിരുന്നു. ജൂലായ് 23നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്. അതിനുശേഷം ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സ് ആയ പാരാലിമ്പിക്സും നടക്കും.