വെംബ്ലി സ്റ്റേഡിയത്തിൽ എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട യൂറോ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി നാലു പതിറ്റാണ്ടിനുശേഷം അസൂറിപ്പട വീണ്ടും കിരീടത്തിൽ മുത്തമിട്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇറ്റാലിയൻ ജയം. ഇംഗ്ലീഷ് താരങ്ങളായ ജേഡൻ സാഞ്ചോയുടെയും സാക്കയുടെയും ഷോട്ടുകൾ തടുത്തിട്ട് ഗോൾകീപ്പർ ഡോണറുമ്മയാണ് ഇറ്റലിയുടെ വിജയനായകനായത്. ഇറ്റലിയുടെ ബെലോട്ടിയുടെയും ജോർജീന്യോയുടെയും കിക്ക് തടുത്തിട്ട ഗോൾകീപ്പർ ജോർദൻ പിക്ക്ഫോർഡിനും ഇംഗ്ലീഷ്പടയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിന്റെ റാഷ്ഫോർഡ് എടുത്ത കിക്ക് പാഴായത് നിർണായകമായി.
രണ്ടാം മിനിറ്റിൽ ലുക് ഷാ നേടിയ ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. യൂറോ കപ്പ് ഫൈനൽ ചരിത്രത്തിലെ വേഗമേറിയ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ലിയനാർഡോ ബൊനൂച്ചിയാണ് ഇറ്റലിക്ക് സമനില ഗോൾ സമ്മാനിച്ചത്. നിശ്ചിതസമയത്ത് സമനിലയായതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ, എക്സ്ട്രാ ടൈമിലും ആർക്കും ഗോൾ നേടാൻ കഴിയാതെ പോയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടു. ഒടുവിൽ 1968നു ശേഷം യൂറോ കിരീടം വീണ്ടും റോമിലേക്ക്… മത്സരം തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ഇറ്റലിയുടെ ഗോൾവല കുലുക്കി ഇംഗ്ലീഷ് സംഘം സ്വപ്നനേട്ടത്തിലേക്കുള്ള ആദ്യ കടമ്പ കടന്നതായിരുന്നു. രണ്ടാം മിനിട്ടിൽ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത്. മികച്ച കൗണ്ടർ അറ്റാക്കിലൂടെയാണ് ഇംഗ്ലീഷ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കെയ്ൻ പന്ത് ട്രിപ്പിയർക്ക് കൈമാറി. ട്രിപ്പിയർ മികച്ചൊരു ക്രോസ് ബോക്സിലേക്ക് തൊടുത്തുനൽകി. പന്ത് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ അതിമനോഹരമായ ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. ഷായുടെ ഇംഗ്ലണ്ടിനു വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു അത്.
ആദ്യ പകുതിയിലുടനീളം ആധിപത്യം പുലർത്തിയത് ഇംഗ്ലണ്ടായിരുന്നു. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതിന്റെ പരിഭ്രാന്തിയിൽനിന്ന് ഇറ്റലി കരകയറാൻ ഏറെ സമയമെടുത്തു. ഏഴാം മിനിട്ടിൽ ഇംഗ്ലണ്ട് ബോക്സിന് തൊട്ടടുത്ത് ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 35-ാം മിനിട്ടിൽ ഇറ്റലിയുടെ ഫെഡറിക്കോ കിയേസ തൊടുത്തുവിട്ട ലോങ്റേഞ്ചർ ഇംഗ്ലീഷ് പോസ്റ്റിനെ ചുംബിച്ച് കടന്നുപോയി. രണ്ടാം പകുതിയിൽ കളിമാറി. ആദ്യഗോളിന്റെ ആഘാതത്തിൽനിന്ന് മുക്തമായ ഇറ്റലി ശക്തമായ ആക്രമണത്തിലൂടെയും പ്രത്യാക്രമണത്തിലൂടെയും കളം നിറഞ്ഞു. മികച്ച പന്തടക്കത്തിനു പുറമെ നിരവധി തവണ ഇംഗ്ലീഷ് ബോക്സിൽ അസൂറിപ്പട പരിഭ്രാന്തി സൃഷ്ടിച്ചു. 62-ാം മിനിറ്റിൽ കിയേസയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ജോർദൻ പിക്ക്ഫോർഡ് തട്ടിയകറ്റി. 63-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ ജോൺ സ്റ്റോൺസിന്റെ ഹെഡ്ഡറിനുമുന്നിൽ ഡോണറുമ്മയും രക്ഷകനായി.
ഒടുവിൽ, 67-ാം മിനിറ്റിൽ ഇംഗ്ലീഷ് ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഇറ്റലി സമനില ഗോൾ നേടി. ബൊനൂച്ചിയാണ് ഇറ്റലിക്കു ഗോൾ നേടിയത്. ഇംഗ്ലീഷ് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയ കോർണർ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും പിക്ക്ഫോർഡ് രക്ഷപ്പെടുത്തി. എന്നാൽ പന്ത് ക്രോസ് ബാറിൽ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിക്കുകയും ചെയ്തു. 83-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ബുകായോ സാക മികച്ചൊരു അവസരം പാഴാക്കി. നിശ്ചിത സമയം കഴിഞ്ഞിട്ടും ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. ഇറ്റലിയുടെ നാലാമത്തെ ഫൈനൽ പോരാട്ടമായിരുന്നു ഇത്. 2000ത്തിലും 2012ലും ഫൈനലിൽ കീഴടങ്ങി. എന്നാൽ, ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ ഫൈനലിലെത്തുന്നത്.