Sports

ഐപിഎൽ: ആദ്യ ജയത്തിനായി ഡൽഹി ഇന്നിറങ്ങും; എതിരാളികൾ ഗുജറാത്ത്

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഡൽഹി ക്യാപിറ്റൽസിൻ്റെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ച് രാത്രി 7.30നാണ് മത്സരം. ആദ്യ കളിയിൽ ഡൽഹി ലക്നൗവിനെതിരെ പരാജയപ്പെട്ടപ്പോൾ ഗുജറാത്ത് ചെന്നൈയെ വീഴ്ത്തിയിരുന്നു. സീസണിലെ ആദ്യ ഹോം മത്സരത്തിൽ ഋഷഭ് പന്ത് ടീമിനെ പ്രചോദിപ്പിക്കാനായി ഡഗൗട്ടിലുണ്ടാവുമെന്നാണ് റിപ്പോർട്ട്.

കെയിൻ വില്ല്യംസൺ പരുക്കേറ്റ് പുറത്തായെങ്കിലും ഡേവിഡ് മില്ലർ തിരികെയെത്തിയത് ഗുജറാത്തിൻ്റെ കരുത്ത് വർധിച്ചിട്ടുണ്ട്. വില്ല്യംസണു പകരം മില്ലർ എത്തുമെന്നതിനപ്പുറം ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല. വിജയ് ശങ്കർ നിരാശപ്പെടുത്തുകയാണെങ്കിലും ചില മത്സരങ്ങൾ കൂടി അവസരം നൽകിയേക്കും. സായ് സുദർശൻ ഇംപാക്ട് പ്ലയറായി എത്തും.

മറുവശത്ത് ആൻറിച് നോർക്കിയയും ലുങ്കി എങ്കിഡിയും ടീമിനോടൊപ്പം ചേർന്നതിനാൽ നോർക്കിയ റൈലി റുസോയ്ക്ക് പകരം കളിച്ചേക്കും. ബാറ്റിംഗ് ഇന്നിംഗ്സിൽ ഖലീൽ അഹ്‌മദിനു പകരം മനീഷ് പാണ്ഡെ ഇംപാക്ട് പ്ലയറാവും. ടീമിൽ മറ്റ് മാറ്റങ്ങളുണ്ടായേക്കില്ല.