ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് മൈതാനമൊരുങ്ങും. ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ മ്യാൻമാറിനെ നേരിടും. ഇന്ന് വൈകീട്ട് ആറ് മണിക്ക് മണിപ്പൂർ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഒൻപത് മാസങ്ങൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ 284 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഒരു അന്താരാഷ്ട്ര മത്സരത്തിനായി കളിക്കളത്തിൽ ഇറങ്ങിയത്. അടുത്ത വർഷം ആദ്യം ആരംഭിക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിലേക്കുള്ള ഒരുക്കങ്ങളുടെ കൂടി ഭാഗമാണ് ഈ ടൂർണമെന്റ്. മ്യാൻമാറിനെ കൂടാതെ, കിർഗിസ്താനും ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ 53 റാങ്കുകൾ താഴെ സ്ഥിതി ചെയ്യുന്ന രാജ്യമാണ് മ്യാൻമാർ. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും തോൽവി നേരിട്ട മ്യാൻമാറിനെതിരെ ഇന്ത്യ ലക്ഷ്യമിടുന്നത് വിജയമാണ്. ഇന്ത്യ അവസാനമായി കളിച്ചത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. സിംഗപ്പൂരിനെതിരായ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ വിറ്റ്നാമിനെതിരെയുള്ളത് മാര്‌ടപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റു.
23 അംഗങ്ങൾ അടങ്ങുന്ന ടീമിനെയാണ് ടൂർണമെന്റിന് വേണ്ടി ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഇതിഹാസ ഫുട്ബോൾ താരം സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. സ്‌ക്വാഡിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ താരങ്ങളിൽ ഐഎസ്എല്ലിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്ത ശിവശക്തി നാരായണനും പ്രതിരോധ താരം പ്രീതം കോട്ടാലിനും ലീഗിന്റെ ഫൈനലിൽ പരുക്കേറ്റിരുന്നു. തുടർന്ന്, ആ താരങ്ങൾക്ക് പകരമായി ഈസ്റ്റ് ബംഗാളിന്റെ നോരം മഹേഷ് സിങ്ങിനെയും എടികെ മോഹൻ ബഗാന്റെ ഗ്ലെൻ മാർട്ടിനിസിനെയും സഖ്‌ഓടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.