ഇന്ത്യക്കെതിരായ ഏകദിന ടീമിനെ സ്റ്റീവ് സ്‌മിത്ത് നയിക്കും. അമ്മ മരിച്ചതിനെ തുടർന്ന് സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഏകദിന പരമ്പരയിലുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് സ്‌മിത്ത് പരിമിത ഓവർ പരമ്പരയിലും ടീമിനെ നയിക്കുക. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സ്‌മിത്താണ് ഓസീസിനെ നയിച്ചത്. സ്‌മിത്തിനു കീഴിൽ ആദ്യ മത്സരം വിജയിച്ച ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ സമനില പിടിച്ചു.
അമ്മയ്ക്ക് അസുഖം മൂർച്ഛിച്ചതിനാൽ കമ്മിൻസ് രണ്ടാം ടെസ്റ്റിനു ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് അമ്മ മരിച്ചു. ഇതോടെ അവസാന രണ്ട് ടെസ്റ്റിലും കമ്മിൻസ് കളിച്ചിരുന്നില്ല.
ഈ മാസം 17 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക. 17ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 19ന് വിശാഖ പട്ടണത്തും മൂന്നാം മത്സരം 22ന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലും അരങ്ങേറും.
ടെസ്റ്റ് പരമ്പരക്കിടെ പരുക്കേറ്റ് പുറത്തായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ തിരിച്ചെത്തി. മിച്ചല്‍ മാര്‍ഷും ടീമിലുണ്ട്. പരുക്കേറ്റ് പുറത്തായ ഝൈ റിച്ചാര്‍ഡ്‌സന് പകരം നതാന്‍ എല്ലിസ് ടീമില്‍ ഇടംപിടിച്ചു.
അതേസമയം, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്തായെന്നാണ് റിപ്പോർട്ടുകൾ. നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനം പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയാസ് ആദ്യ ഇന്നിംഗ്സിൽ കളിച്ചില്ല. ഇതേ തുടർന്നാണ് ശ്രേയാസ് ഏകദിന ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്. ശ്രേയാസ് പുറത്താവുമെങ്കിൽ പകരമാര് എന്നതാണ് നിലവിൽ സമൂഹമാധ്യമങ്ങളിലെ ചോദ്യം. സഞ്ജു സാംസൺ, രജത് പാടിദാർ, ദീപക് ഹൂഡ തുടങ്ങിയവരിൽ ആരെങ്കിലും പകരമെത്തിയേക്കുമെന്നാണ് സൂചന.
ഓസ്‌ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഷോൺ ആബട്ട്, ആഷ്ടന്‍ ആഗര്‍, അലക്‌സ് കാരി, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.