മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സമീപ പ്രതാപകാലത്ത് തിളങ്ങിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വെയ്ന്‍ റൂണി, കാര്‍ലോസ് ടെവസ് സഖ്യത്തോടാണ് മാര്‍ഷ്യല്‍- റാഷ്‌ഫോഡ്- ഗ്രീന്‍വുഡ് സഖ്യത്തെ താരതമ്യപ്പെടുത്തുന്നത്…
പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മുക്കിയപ്പോള്‍ ഹാട്രിക്ക് അടിച്ച് തിളങ്ങിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി മാര്‍ഷ്യലായിരുന്നു. എന്നാല്‍ പരിശീലകന്‍ ഒലേ ഗണ്ണാര്‍ സോള്‍ഷ്യറിന്റെ മുന്നേറ്റനിരയില്‍ മാര്‍ഷ്യലിനൊപ്പം പ്രാധാന്യം റാഷ്‌ഫോഡിനും ഗ്രീന്‍വുഡിനും കൂടിയുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ത്രീമെന്‍ ആര്‍മിയായി ഇവര്‍ മാറിക്കഴിഞ്ഞുവെന്ന് കണക്കുകള്‍ പറയുന്നു.
ഏഴാം മിനുറ്റില്‍ മാര്‍ഷ്യല്‍ ആദ്യ ഗോളടിച്ചത് റാഷ്‌ഫോഡിന്റെ ബുള്ളറ്റ് ക്രോസില്‍ നിന്നായിരുന്നു. വൈകാതെ ഗോളി മാത്രമുള്ള പോസ്റ്റിലേക്ക് അടിക്കാനുള്ള അവസരം റാഷ്‌ഫോഡിന് മാര്‍ഷ്യല്‍ തന്നെ ഒരുക്കികൊടുത്തെങ്കിലും റാഷ്‌ഫോഡിന് അവസാന നിമിഷം അടിതെറ്റി. ഒന്നാം പകുതി തീരും മുമ്പേ ലീഡ് രണ്ടാക്കി ഉയര്‍ത്തിയ മാര്‍ഷ്യലിന്റെ മൂന്നാം ഗോളിനും വഴിയൊരുക്കിയത് റാഷ്‌ഫോഡും 18കാരന്‍ മാസന്‍ ഗ്രീന്‍വുഡുമായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി തിളങ്ങിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വെയ്ന്‍ റൂണി, കാര്‍ലോസ് ടെവസ് സഖ്യത്തിനോടാണ് മാര്‍ഷ്യല്‍- റാഷ്‌ഫോഡ്- ഗ്രീന്‍വുഡ് സഖ്യത്തെ താരതമ്യപ്പെടുത്തുന്നത്. 2007-08 കാലത്ത് റൊണാള്‍ഡോ – റൂണി- ടെവസ് സഖ്യം 79 ഗോളുകളാണ് അടിച്ചുകൂട്ടിയത്. മാര്‍ഷ്യല്‍-റാഷ്‌ഫോഡ്-ഗ്രീന്‍വുഡ് സഖ്യത്തെ സ്‌പെഷ്യലാക്കുന്ന ചില കളി കണക്കുകള്‍ നോക്കാം.
– ഈ സീസണില്‍ മാര്‍ഷ്യല്‍ ഇതുവരെ 14 ഗോളടിച്ചു. കഴിഞ്ഞ മികച്ച പ്രകടനത്തേക്കാള്‍(2015-16ലെ) മൂന്നെണ്ണം കൂടുതല്‍. യുണൈറ്റഡിന് ഇനിയും ഏഴ് മത്സരം കൂടി ബാക്കിയുണ്ട്.
– സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 19 ഗോളുകള്‍ ആന്റണി മാര്‍ഷ്യല്‍ നേടിയിട്ടുണ്ട്. മാര്‍ഷ്യലിന്റെ കരിയറിലെ തന്നെ മികച്ച സീസണാണിത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ 2015-16 സീസണിലെ 17 ഗോളുകളായിരുന്നു മുന്‍ റെക്കോഡ്.
– 25 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നാണ് 14 ഗോളുകള്‍ മാര്‍ഷ്യല്‍ നേടിയത്. കളത്തിലിറങ്ങിയ ഓരോ 146 മിനുറ്റിലും മാര്‍ഷ്യല്‍ ഗോള്‍ നേടുന്നു.
-മാര്‍ഷ്യലിനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന യുണൈറ്റഡിലെ സഹതാരം റാഷ്‌ഫോഡാണ്. പ്രീമിയര്‍ ലീഗിലും(14) ആകെ മത്സരങ്ങളിലും(19) യുണൈറ്റഡിന്റെ ടോപ്‌സ്‌കോററാണ് റാഷ്‌ഫോഡ്.
-യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോഡിലാണ് റാഷ്‌ഫോഡ് ഏറ്റവും അപകടകാരി. ഹോം ഗ്രൗണ്ടില്‍ സീസണിലെ 12 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് റാഷ്‌ഫോഡ് 13 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
-യുണൈറ്റഡിന്റെ ഏറ്റവും വലിയ ആശ്വാസം റാഷ്‌ഫോഡും മാര്‍ഷ്യലും ഒരേ പോലെ സ്‌കോര്‍ ചെയ്യുന്നുവെന്നതാണ്. മാര്‍ഷ്യല്‍ കളത്തിലിറങ്ങുന്ന 146 മിനുറ്റില്‍ ഗോളടിക്കുമ്പോള്‍ റാഷ്‌ഫോഡ് 147 മിനുറ്റില്‍ ഗോള്‍ നേടുന്നു. 151 മിനുറ്റ് കൂടുമ്പോഴാണ് ഗ്രീന്‍വുഡ് ഗോളടിക്കുന്നത്.
-സീസണില്‍ ആകെ അഞ്ച് പ്രീമിയര്‍ ലീഗ് മത്സരങ്ങളിലേ ഗ്രീന്‍വുഡ് കളിച്ചിട്ടുള്ളൂ. ഇതിനകം തന്നെ അഞ്ച് ഗോളുകള്‍ നേടുകയും ചെയ്തു. സീസണില്‍ ആകെ യുണൈറ്റഡിനായി കളിച്ച 18 മത്സരങ്ങളില്‍ ഗ്രീന്‍വുഡ് 12 ഗോളുകള്‍ നേടിക്കഴിഞ്ഞു.
– റാഷ്‌ഫോഡിന് 19 ഗോളുകളും എട്ട് അസിസ്റ്റുകളുമാണുള്ളതെങ്കില്‍ ആന്റണി മാര്‍ഷ്യലിന് 19 ഗോളുകളും 5 അസിസ്റ്റുമാണുള്ളത്. ഗ്രീന്‍വുഡാകട്ടെ 12 ഗോളുകളും നാല് അസിസ്റ്റുകളും സീസണില്‍ സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു.