ഐ-ലീഗിയിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി റൗണ്ട്‌ഗ്ലാസ് പഞ്ചാബ് എഫ്.സിയെ നേരിടും. രാത്രി 8ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ ലീഡ് നിലനിര്‍ത്താനുള്ള അവസരമാണ് ഗോകുലത്തിന്. ഐലീഗ് സീസണിൽ കളിച്ച 11 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ സുദേവ ഡൽഹി എഫ് സിയെ 4-0ന് തകർത്ത ഗോകുലം 27 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. നാല് പോയിന്റ് വ്യത്യസത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബാണ് മൂന്നാമതും. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാർ കൂടിയായ ഗോകുലം കളിയുടെ സകല മേഖലകളിലും നിറഞ്ഞുനിൽക്കുന്ന പ്രകടനമായിരുന്നു സുദേവ എഫ് സിയ്ക്കെതിരെ പുറത്തെടുത്തത്. പഞ്ചാബിനെതിരേയും ഇത് പ്രതീക്ഷിക്കാം.
റെക്കോർഡുകൾ പ്രധാനമല്ല, ജയത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ഗോകുലം കോച്ച് വിൻസെൻസോ ആൽബെർട്ടോ അന്നീസ് പറഞ്ഞു. സ്ഥിതിവിവരക്കണക്കുകൾക്ക് മാത്രമുള്ളതാണ് റെക്കോർഡുകൾ. ഗെയിം ബൈ ഗെയിം മെച്ചപ്പെടുത്താനാണ് ടീം ശ്രമിക്കുന്നത്. പഞ്ചാബ് ശക്തരായ എതിരാളികളാണ്, അവസാന നാല് മത്സരങ്ങളും ജയിക്കുകയും പുതിയ പരിശീലകന്റെ കീഴിൽ ടീം കൂടുതൽ ആക്രമണോത്സുകരായി മാറിയെന്നും വിൻസെൻസോ ആൽബെർട്ടോ പറഞ്ഞു.