Football

സഹൽ ഇംഗ്ലീഷ് ക്ലബിലേക്ക്?; ട്രയൽസിനു ക്ഷണിച്ചു എന്ന് അഭ്യൂഹം

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരം സഹൽ അബ്ദുൽ സമദിന് ഇംഗ്ലീഷ് ക്ലബിലേക്ക് ക്ഷണമെന്ന് അഭ്യൂഹം. പ്രീമിയർ ലീഗിൻ്റെ രണ്ടാം ഡിവിഷനായ ഇഎഫ്എലിൽ കളിക്കുന്ന ബ്ലാക്ക്ബേൺ റോവേഴ്സ് താരത്തെ ഒരു മാസത്തെ ട്രയൽസിനു ക്ഷണിച്ചു എന്നാണ് സൂചനകൾ. ട്രയൽസിലെ പ്രകടനം തൃപ്തികരമാണെങ്കിൽ സഹലിനെ ബ്ലാക്ക്ബേൺ സൈൻ ചെയ്യും എന്നും സൂചനയുണ്ട്.

ഇന്ത്യൻ കമ്പനിയായ വിഎച്ച് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ബ്ലാക്ക്ബേൺ റോവേഴ്സ്. ക്ലബ് അധികൃതർ സഹലിൻ്റെ പ്രകടനത്തിൽ തൃപ്തരാണെന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ ഫുട്ബോൾ ഏജന്റായ ബൽജിത് റിഹാൽ സഹലിനെ ലണ്ടണിലേക്ക് ക്ഷണിച്ചിരുന്നു. ഇത് ബ്ലാക്ക്ബേൺ റോവേഴ്സിൽ ട്രയൽസിലെത്തുന്നതിനായാണെന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്.

സഹലിൻ്റെ ഇതുവരെയുള്ളതിൽ മികച്ച ഐഎസ്എൽ സീസണായിരുന്നു കഴിഞ്ഞത്. ആകെ 6 ഗോൾ നേടിയ താരം ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. പരുക്കേറ്റതിനെ തുടർന്ന് താരം ഹൈദരാബാദിനെതിരായ ഫൈനൽ മത്സരം കളിച്ചിരുന്നില്ല.