Football

‘അർജന്റീന പഴയ അർജന്റീനയല്ല’; ലോകകപ്പിലെ ഫേവരിറ്റുകളെന്ന് ലൂക്ക മോഡ്രിച്ച്

2018 ലോകകപ്പിൽ കളിച്ച ടീമല്ല ഇപ്പോൾ അർജൻ്റീനയെന്ന് റയൽ മാഡ്രിഡിൻ്റെ ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ച്. അർജൻ്റീന ലോകകപ്പിലെ ഫേവരിറ്റുകളാണ്. കൂടുതൽ ഒത്തിണക്കത്തോടെയാണ് അവർ കളിക്കുന്നതെന്നും മോഡ്രിച്ച് വ്യക്തമാക്കി. ഈ വർഷം നവംബർ ഡിസംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിൽ അർജൻ്റീന ഗ്രൂപ്പ് സിയിലും ക്രൊയേഷ്യ ഗ്രൂപ്പ് എഫിലുമാണ്. 

“കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾ അർജന്റീനക്കെതിരെ കളിച്ച് ജയിച്ചു. എന്നാൽ ഇപ്പോൾ അവർ വളരെ നല്ല മികച്ച ടീമാണ്. ഏതാനും വർഷം മുൻപ് കണ്ടതിനേക്കാൾ അവർ കരുത്തരായെന്ന് തോന്നുന്നു. ഒരു നല്ല സംഘം അവർക്കുണ്ട്. മെസിയെ പോലൊരു കളിക്കാരനെ മുൻപിൽ നിർത്തി ഒരു ശക്തമായ സംഘത്തെ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. വളരെ ഒത്തിണക്കത്തോടെയാണ് അവർ കളിക്കുന്നത്. ഒരുപാട് മത്സരങ്ങളായി അവർ തോൽവി അറിഞ്ഞിട്ടില്ല. അത് തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നു. മെസി ഉള്ളതിനാൽ അവർ എപ്പോഴും ലോകകപ്പ് ഫേവരിറ്റുകളാണ്.”- മോഡ്രിച്ച് പറഞ്ഞു.

നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജൻ്റീനയുടെ ആദ്യ ലോകകപ്പ് മത്സരം. പോളണ്ട്, മെക്സിക്കോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബെൽജിയം, കാനഡ, മൊറോകോ എന്നിവരാണ് ക്രൊയേഷ്യക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുക.