ചരിത്രത്തിലാദ്യമായി ഇൻ്റർ മിയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇൻ്റർ മയാമി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. തുടർച്ചയായ ആറാം മത്സരത്തിലും മെസി സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ ജോസഫ് മാർട്ടിനസ്, ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരാണ് മയാമിയുടെ മറ്റ് സ്കോറർമാർ. അലസാണ്ട്രോ ബെദോയ ഫിലാഡൽഫിയക്കായി ആശ്വാസഗോൾ നേടി.
മത്സരത്തിൻ്റെ മൂന്നാം മിനിട്ടിൽ ജോസഫ് മാർട്ടിനസിലൂടെ മയാമി ലീഡെടുത്തു. 19ആം മിനിട്ടിൽ മെസിയുടെ ഒരു ലോംഗ് റേഞ്ചറിൽ അവർ ലീഡ് ഇരട്ടിയാക്കി. ഇതോടെ തുടർച്ചയായ 6 മത്സരങ്ങളിൽ നിന്ന് മെസി നേടിയ ഗോളുകൾ 9 ആയി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോർഡി ആൽബ മൂന്നാം ഗോൾ നേടി. മയാമിക്കായി ആൽബയുടെ ആദ്യ ഗോളാണിത്. 73ആം മിനിട്ടിൽ ബെദോയയിലൂടെ ഫിലാഡൽഫിയ ഒരു ഗോൾ മടക്കിയെങ്കിലും 84ആം മിനിട്ടിൽ ഡേവിഡ് റൂയിസ് കൂടി സ്കോർ ചെയ്തതോടെ മയാമി കൂറ്റൻ ജയം ഉറപ്പിച്ചു.
ഫൈനലിൽ മോണ്ടെരിയോ നാഷ്വിലെയോ ആകും ഇന്റർ മയാമിയുടെ എതിരാളികൾ. ജയത്തോടെ മെസിയും സംഘവും അടുത്ത വർഷത്തെ കോൺകാഫ് കപ്പിനും യോഗ്യത നേടി.