ലോകകപ്പ് യോഗ്യതാമത്സരത്തിൽ ജയം തുടർന്ന് അർജൻ്റീന. ഇന്ന് പെറുവിനെ നേരിട്ട അർജൻ്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ക്യാപ്റ്റൻ ലയണൽ മെസിയാണ് രണ്ട് ഗോളുകളും നേടിയത്. ലോകകപ്പിനു ശേഷം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്ന റെക്കോർഡും അർജൻ്റീന കാത്തുസൂക്ഷിച്ചു. അർജന്റീനയുടെ തുടർച്ചയായ എട്ടാമത്തെ ക്ലീൻ ഷീറ്റ് ആണ് ഇത്. (messi argentina won peru)
32ആം മിനിട്ടിലാണ് അർജൻ്റീന ആദ്യ ഗോൾ നേടിയത്. നിക്കോ ഗോൺസാലസ് ആണ് മെസിയ്ക്ക് ഗോളവസരമൊരുക്കിയത്. 42ആം മിനിട്ടിൽ എൻസോ ഫെർണാണ്ടസിൻ്റെ അസിസ്റ്റിൽ നിന്ന് മെസി അർജൻ്റീനയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ മെസി ഒരുതവണ കൂടി വല ചലിപ്പിച്ചെങ്കിലും വാറിൽ ആ ഗോൾ നിഷേധിക്കപ്പെട്ടു.
നാലിൽ നാല് മത്സരങ്ങളും വിജയിച്ച അർജൻ്റീന 12 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ കളി ബ്രസീലിനെതിരെ വിജയിച്ച ഉറുഗ്വെ നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുമായി രണ്ടാമതും ഇത്ര തന്നെ പോയിൻ്റുമായി മൂന്നാമതാണ്.
Read Also: ലോകകപ്പ് യോഗ്യതാമത്സരം: നെയ്മറിനു പരുക്ക്; ബ്രസീലിനെ വീഴ്ത്തി ഉറുഗ്വെ
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഉറുഗ്വെയുടെ വിജയം. ഡാർവിൻ ന്യൂനസ്, നിക്കോളാസ് ഡി ല ക്രൂസ് എന്നിവരാണ് ഗോൾ സ്കോറർമാർ. സൂപ്പർ താരം നെയ്മർ പരുക്കേറ്റ് പുറത്തായത് ബ്രസീലിനു തിരിച്ചടിയായി. താരം ഇനി ഈ സീസണിൽ കളിക്കില്ലെന്നാണ് വിവരം.
വിരസമായിരുന്നു കളി. ആദ്യ അര മണിക്കൂറിൽ എടുത്തുപറയത്തക്ക ആക്രമണം ഇരു ടീമുകളിൽ നിന്നും ഉണ്ടായില്ല. 42ആം മിനിട്ടിൽ ന്യൂനസ് ഉറുഗ്വേയ്ക്ക് ലീഡ് നൽകി. മൈക്കൽ അറഹ്വോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ന്യൂനസിൻ്റെ ഫിനിഷ്. തൊട്ടുപിന്നാലെ നെയ്മർ പരുക്കേറ്റ് പുറത്തായത് ബ്രസീലിന് ഇരട്ട പ്രഹരമായി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബ്രസീൽ കിണഞ്ഞുശ്രമിച്ചെങ്കിലും സാധിച്ചില്ല. 77ആം മിനിട്ടിൽ ന്യൂനസിൻ്റെ മികച്ച അസിസ്റ്റിൽ നിന്ന് ഡി ല ക്രൂസ് ഗോൾ വല കുലുക്കിയതോടെ ബ്രസീൽ ചിത്രത്തിൽ നിന്ന് പുറത്തായി.
പരുക്കേറ്റ നെയ്മർ ഈ സീസണിൽ കളിക്കില്ലെങ്കിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാനെത്തുന്ന അൽ ഹിലാൽ ടീമിലും താരം ഉണ്ടാവില്ല. ഇത്, ഇന്ത്യൻ ആരാധകർക്കും തിരിച്ചടിയാണ്.