റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ കാണാൻ ഫുട്ബോൾ പ്രേമികൾക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന് സംഘാടകർ. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നാളെ ഇന്ത്യൻ രാത്രി 9 മണിക്കാണ് മത്സരം. (സൗദി സമയം 6.30). Free entry to Santosh Trophy final
കർണാടകയും മേഘാലയയുമാണ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്. നാളെ വൈകീട്ട് 6 മണിക്ക് (സൗദി സമയം 3.30ന്) ലൂസേഴ്സ് ഫൈനലും രാത്രി 9 മണിക്ക് (സൗദി സമയം 6.30ന്) ഫൈനൽ മത്സരവും നടക്കും. ടിക്കറ്റ് മാക്സ് ആപ്ളിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ആപ്ലിക്കേഷനിൽ സന്തോഷ് ട്രോഫി പ്രോഗ്രാം ക്ലിക് ചെയ്ത് സൗജന്യ ടിക്കറ്റ് നേടാൻ കഴിയുമെന്നും സംഘാടകർ അറിയിച്ചു. ഇ മെയിലായും സൗജന്യ ടിക്കറ്റ് ലഭ്യമാണ്. ഒരാൾക്ക് അഞ്ച് ടിക്കറ്റ് വരെ ആപ്ലിക്കേഷൻ വഴി നേടാൻ കഴിയും.
സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് വിദേശ രാജ്യത്ത് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെഫി ഫൈനൽ മത്സരത്തിൽ കാണികൾ കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് സൗജന്യ പ്രവേശനം. നാളെ വാരാന്ത്യ അവധി ആയതിനാൽ മലയാളികൾ ഉൾപ്പെടെയുളളവർ കളികാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.